ന്യൂഡൽഹി: ‘‘മോദി ജി, മോദി ജി... ജന്തർമന്തർ ആവോജി...’’ ജന്തർമന്തറിലെ ആ കർഷക സമരപ്പന്തലിൽ ഇപ്പോഴും ഇൗ മുദ്രാവാക്യമുണ്ട്. അവരുടെ പ്രധാന ആവശ്യവും അതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽകണ്ട് ആവലാതികൾ പറയണം. എന്നാൽ, 40 ദിവസമായിട്ടും ഫലമുണ്ടായില്ല. തെക്കൻ തമിഴ്നാട്ടിൽ വരൾച്ചകൊണ്ട് വലഞ്ഞ് ജീവിതം നഷ്ടപ്പെട്ട് ഡൽഹിയിൽ സമരത്തിനെത്തിയ കർഷകർ ദിവസവും പുതിയ സമരരീതികളുമായി ദേശീയശ്രദ്ധ ആകർഷിക്കുകയാണ്.
പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാനും തങ്ങളുടെ ആവശ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും ആരും മുതിരാത്ത വിചിത്ര സമര രീതികളാണ് തമിഴ് കർഷകർ പയറ്റുന്നത്. ശനിയാഴ്ച എല്ലാവരെയും ഞെട്ടിച്ച് അവർ സ്വന്തം മൂത്രം കുടിച്ചു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും കുപ്പികളിൽ ശേഖരിച്ച മൂത്രം പലരും കുടിച്ചു. ‘‘മൂത്രം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാം, എന്നാലും അത് ചെയ്യാതിരിക്കാനാവില്ല’’ -മൂത്രം കുടിച്ച കർഷകരിലൊരാൾ പറഞ്ഞു. നേരത്തേ മുന്നറിയിപ്പ് നൽകിയാണ് ഇൗ സമരം അരങ്ങേറിയത്.
ഞായറാഴ്ച മനുഷ്യ വിസർജ്യം കഴിച്ച് പ്രതിഷേധിക്കുമെന്ന് സമരക്കാർ പറഞ്ഞെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതിനാൽ അതിനുശേഷമേ പുതിയ സമരരീതി ആേലാചിക്കൂവെന്ന് കർഷകർ പറഞ്ഞു. ഏപ്രിൽ 10ന് പ്രധാനമന്ത്രിയുടെ ഒാഫിസിനു മുന്നിൽ തുണിയുരിഞ്ഞാണ് കർഷകർ പ്രതിഷേധിച്ചത്. മറ്റൊരു ദിവസം പ്രധാനമന്ത്രി മോദിയുടെ മുഖംമൂടിയണിഞ്ഞ് കുർത്തയും പൈജാമയുമണിഞ്ഞയാൾ കർഷകരെ ചാട്ടവാറിനടിക്കുന്നതായിരുന്നു സമരരീതി. വേറൊരു ദിവസം അവർ എലിയെ തിന്നു, പിന്നെ പാമ്പ്, പുല്ല്, വഴിയരികിലെ മാലിന്യം...എല്ലാം അവർ കഴിച്ചു.
കൊടുംവരൾച്ചയിൽ വഴിമുട്ടിയ സ്വന്തം ജീവിതത്തെ ക്രൂരമായിത്തന്നെ ആവിഷ്കരിക്കുകയായിരുന്നു അവർ.
ഒരു ദിവസം എല്ലാവരും സാരിയണിഞ്ഞു, മറ്റൊരു ദിവസം കഴുത്തിൽ തലയോട്ടിയണിഞ്ഞാണ് അവർ വന്നത്. തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടിയാണ് അതെന്നായിരുന്നു അവർ പറഞ്ഞത്. പിന്നീടൊരു ദിവസം കഴുത്തിൽ കയർ കുരുക്കി പ്രതീകാത്മക ആത്മഹത്യ നടത്തി, മറ്റൊരു ദിവസം കർഷകരുടെ സംസ്കാരം നടത്തി, താടിയും മുടിയും പകുതി വടിച്ചു... ഇങ്ങനെയൊക്കെ സമരം ചെയ്തിട്ടും പ്രധാനമന്ത്രി വരാത്തതാണ് മൂത്രം കുടിക്കുന്നതുപോലുള്ള കടുത്ത സമരരീതിക്ക് പ്രേരിപ്പിച്ചതെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ദേശീയ ദക്ഷിണേന്ത്യ നദീ സംയോജന കർഷക അസോസിയേഷൻ തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് അയ്യാക്കണ്ണ് പറഞ്ഞു.
‘‘സ്വന്തം വിസർജ്യം കഴിക്കുന്നത് അപമാനകരമാണെന്ന് അറിയാതെയല്ല. തങ്ങളെ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിച്ചതിൽ സർക്കാറിന് ലജ്ജ തോന്നണം. പ്രധാനമന്ത്രി മോദി കർഷകരെ കാണാതെ സമരം തീരില്ല’’ -65കാരനായ പളനിച്ചാമി പറയുന്നു.തങ്ങൾ റോഡിലെ കറുത്ത ടാറിൽ ഉറങ്ങുേമ്പാൾ പ്രധാനമന്ത്രി മോദി എ.സിയുടെ തണുപ്പിൽ സുഖകരമായ നിദ്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ജലവിഭവ മന്ത്രി ഉമാഭാരതി, കൃഷിമന്ത്രി രാധാ മോഹൻ സിങ് തുടങ്ങിയവരെയെല്ലാം കർഷകർ നേരിൽ കണ്ടെങ്കിലും പ്രധാനമന്ത്രി തങ്ങളുമായി ചർച്ച നടത്തണമെന്നാണ് അവരുടെ ആവശ്യം. ദേശസാത്കൃത ബാങ്കിൽനിന്നെടുത്ത കാർഷിക വായ്പകൾ എഴുതിത്തള്ളുക, പുതിയ വരൾച്ച ദുരിതാശ്വാസം പ്രഖ്യാപിക്കുക, കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകരുടെ സമരം.
സംസ്ഥാന സർക്കാറും മദ്രാസ് ഹൈകോടതിയും കർഷകർ സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.