മുംബൈ: നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച് മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണയും ഹിമാലയത്തിലെ 'അജ്ഞാത ഗുരു'വും തമ്മിൽ നടത്തിയ ഇ-മെയിൽ വിവരങ്ങൾ പുറത്ത്. ഔദ്യോഗിക രഹസ്യങ്ങൾക്ക് പുറമേ, വ്യക്തിഗത വിവരങ്ങൾ കൂടി ഇരുവരും എഴുത്തുകൾ വഴി പങ്കുവയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതാണ് പല കുറിപ്പുകളും. ദ്വീപു രാഷ്ട്രമായ സെയ്‌ഷെൽസിൽ അവധി ആഘോഷിക്കാൻ പോകുന്നതിനെ കുറിച്ചും മുടി പിന്നിയിടാൻ പഠിക്കുന്നതിനെ കുറിച്ചും ഇ-മെയിലുകളിൽ പറയുന്നുണ്ട്.
'സീഷെൽസിലെ ബീച്ചിൽ കുളിക്കാം'
2015 ഫെബ്രുവരി 17ന് ഗുരു എഴുതിയത് ഇങ്ങനെ; 'ബാഗുകൾ റെഡിയാക്കിക്കോളൂ. അടുത്ത മാസം ഞാൻ സെയ്‌ഷെൽസിലേക്ക് പോകുന്നുണ്ട്. നിങ്ങൾക്ക് നീന്തലറിയുമെങ്കിൽ അവിടെ ബീച്ചിൽ നമുക്കൊരു കടൽക്കുളി ആസ്വദിക്കാം.' സിംഗപൂർ വഴി സെയ്‌ഷെൽസിലേക്ക് പോകാം എന്നാണ് മെയിലിൽ ഗുരു പറയുന്നത്.
ഇന്ത്യയിൽ നിന്ന് സെയ്‌ഷെൽസിലേക്ക് നാല് മണിക്കൂർ കൊണ്ട് നേരിട്ട് വിമാനത്തിൽ പോകാമെങ്കിൽ എന്തിനാണ് ട്രാൻസിറ്റ് യാത്ര തെരഞ്ഞെടുത്തത് എന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു. നേരിട്ടുള്ള വിമാനമില്ല എങ്കിൽ ദുബൈയും ശ്രീലങ്കയുമാണ് സീഷെൽസിലേക്കുള്ള ട്രാൻസിറ്റ് പോയിന്റുകൾ. എന്നാൽ ഹോങ്കോങ് (സിംഗപൂർ) വഴിയുള്ള യാത്രയാണ് ഗുരു തെരഞ്ഞെടുക്കുന്നത്. പത്തു മണിക്കൂർ നീണ്ട യാത്രയുമാണത്. യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കാനാണോ ഇത്തരത്തിൽ യാത്ര ആസൂത്രണം ചെയ്തത് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇതേ മെയിലിൽ തന്നെ രണ്ടു കുട്ടികൾക്കൊപ്പം വരൂ എന്നാണ് ഗുരു ആവശ്യപ്പെടുന്നത്. ഒരു മകൾ മാത്രമാണ് ചിത്രയ്ക്കുള്ളത്. രണ്ടു കുട്ടികൾ എന്നത് മറ്റെന്തിനെങ്കിലുമുള്ള കോഡ് ഭാഷയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
നികുതി രഹിത (ടാക്‌സ് ഹാവെൻ) രാഷ്ട്രമാണ് സെയ്‌ഷെൽസ്. കള്ളപ്പണ വിവരങ്ങളെ കുറിച്ച് ഇരുരാഷ്ട്രങ്ങളും കരാറിലേർപ്പെടുന്നതിനു മുമ്പാണ് ഇരുവരും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകൾ. കള്ളപ്പണവുമായി ബന്ധപ്പെട്ട് 2015 ഓഗസ്റ്റിലാണ് ഇന്ത്യയും സെയ്‌ഷെൽസും കരാർ ഒപ്പുവയ്ക്കുന്നത്.
'മുടി പിന്നിയിടാൻ പഠിക്കണം'
2015 ഫെബ്രുവരി 18ന് ചിത്രയ്ക്ക് ഗുരു എഴുതുന്നത് ഇങ്ങനെയാണ്; 'ഇന്ന് നിങ്ങൾ സുന്ദരിയായിരിക്കുന്നു. നിങ്ങളുടെ മുടി വ്യത്യസ്ത രീതിയിൽ പിന്നിയിടാൻ പഠിക്കണം. അത് നിങ്ങളെ ആകർഷവതിയാക്കും!! ഇതൊരു സൗജന്യ ഉപദേശമാണ്. നിങ്ങൾ ഇതെടുക്കും എന്നെനിക്കറിയാം. മാർച്ച് മധ്യത്തിൽ കുറച്ച് ഫ്രീ ആകൂ'
അതേ വർഷം സെപ്തംബർ 16ന്, അയച്ചു നൽകിയ പാട്ടിനെ കുറിച്ചും ചിത്രയ്ക്ക് ഇയാൾ എഴുതുന്നുണ്ട്. 'ഞാനയച്ച മകര കുണ്ഡല ഗാനം കേട്ടോ. ആ ആവർത്തനങ്ങളിലെ മാറ്റൊലി നിർബന്ധമായും കേൾക്കണം. നിങ്ങളുടെ മുഖത്തും ഹൃദയത്തിൽനിന്നും ഉത്സാഹം കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഇന്നലെ നിങ്ങളോടൊന്നിച്ചുള്ള സമയം ഞാൻ ആസ്വദിച്ചു. സ്വന്തത്തിനായി ചെയ്യുന്ന ഇത്തരം ചെറിയ കാര്യങ്ങളാണ് നിങ്ങളെ യുവതിയും ഊർജ്വസ്വലയുമാക്കുന്നത്'
'ചിത്ര കൈയിലെ പാവ'
ഓഹരി വിപണിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഹിമാലയത്തിലെ അജ്ഞാത യോഗിക്ക് കൈമാറിയ സംഭവത്തിൽ സി.ബി.ഐയാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം 12 മണിക്കൂറാണ് ഇവരെ ചോദ്യം ചെയ്തിരുന്നത്. ചിത്രയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. 'ഇയാളുടെ കൈയിലെ പാവ മാത്രമായിരുന്നു' ചിത്ര എന്നാണ് മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയായ സെബിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.