ചണ്ഡിഗഢ്: വർഗീയ സംഘർഷം നടന്ന നൂഹിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും കടകളും ഇടിച്ചുനിരത്തിയത് വംശീയ ഉന്മൂലനമല്ലെന്നും നിയമം പാലിച്ചുള്ള നടപടിയാണെന്നും ഹരിയാന സർക്കാർ ഹൈകോടതിയിൽ. വെള്ളിയാഴ്ച ജസ്റ്റിസുമാരായ അരുൺ പാലി, ജഗ് മോഹൻ ബൻസാൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമം പാലിച്ചാണ് പൊളിക്കലെന്ന് ഹരിയാന സർക്കാറിനായി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ദീപക് സബർവാൾ കോടതിയെ അറിയിച്ചു.
ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ കോടതിയിലേക്ക് കേസ് റഫർ ചെയ്തു. നൂഹിൽ അനധികൃതമെന്ന് ആരോപിച്ച് മുസ്ലിംകളും വീടുകളും കടകളും തകർക്കുന്നത് തിങ്കളാഴ്ച ഹൈകോടതി ഇടപെട്ട് തടയുകയായിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ കെട്ടിടങ്ങൾ മാത്രം പൊളിക്കുന്നത് എന്താണെന്നും സർക്കാറിന്റെ നേതൃത്വത്തിൽ വംശീയ ഉന്മൂലനമല്ലേ നടക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു. അടുത്ത വാദം കേൾക്കുന്ന ദിവസം സർക്കാർ രേഖാമൂലം മറുപടി നൽകുമെന്ന് സബർവാൾ പിനീട് വാർത്താലേഖകരോട് പറഞ്ഞു പറഞ്ഞു.
ഗുരുഗ്രാം: ഹരിയാനയിലെ നൂഹിലും സമീപ ജില്ലകളിലും നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടതിന് ടി.വി ചാനലിന്റെ എഡിറ്റർ അറസ്റ്റിൽ. സുദർശൻ ന്യൂസ് ചാനലിന്റെ മാനേജിങ് എഡിറ്റർ മുകേഷ് കുമാറിനെയാണ് ഗുരുഗ്രാം സൈബർ സ്റ്റേഷൻ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 31ന് വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയെ തുടർന്ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.