ന്യൂഡൽഹി: ഹൈകോടതികളിലെയും വിചാരണ കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. കൂടുതൽ ജഡ്ജിമാരെ നിയമിച്ചതു കൊണ്ട് പ്രശ്നപരിഹാരമാവില്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹരജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചത്.
അലഹബാദ് ഹൈകോടതിയിൽ നിലവിലുള്ള നിയമനം നടത്താൻ തന്നെ പ്രയാസമാണ്. അപ്പോഴാണ് ഹരജിക്കാരൻ ഇരട്ടി നിയമനങ്ങൾ ആവശ്യപ്പെടുന്നത്. ബോംബൈ ഹൈകോടതിയിൽ പോയിട്ടുണ്ടോ എന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. അടിസ്ഥാന സൗകര്യം വികസിപ്പിക്കാതെ ഒരു ജഡ്ജിയെപ്പോലും അധികമായി അവിടെ നിയമിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൂടുതൽ ജഡ്ജിമാരെ നിയമിച്ചതു കൊണ്ടായില്ല.
കാണുന്ന പ്രശ്നങ്ങൾക്കെല്ലാം പൊതുതാൽപര്യ ഹരജി ആവശ്യമില്ല. നിലവിലെ ഒഴിവ് നികത്തുന്നതു തന്നെ പ്രയാസകരമാണ്. കോടതിയുടെ സമയം കളയുന്ന പൊതുതാൽപര്യ ഹരജികൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന സൂചനയും കോടതി നൽകി. ശരിയായ പഠനം നടത്തി വേണം കോടതിയെ സമീപിക്കാനെന്ന് ഹരജിക്കാരനെ കോടതി ഓർമിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.