ന്യൂഡൽഹി: ജി20 ഉച്ചകോടി ഇന്തൊനേഷ്യയിൽ പുരോഗമിക്കവെ ബി.ജെ.പി-കോൺഗ്രസ് വാക്പോര് മുറുകുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ വിമർശിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റാണ് വാക്പോരിന് തുടക്കമിട്ടത്. പിന്നാലെ മറുപടി ട്വീറ്റുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. മൻമോഹൻ സിങിനെ അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ഗുരു എന്ന് വിശേഷിപ്പിച്ചതിന് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നായിരുന്നു ജയ്റാം രമേശിന്‍റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി20 ഉച്ചകോടിക്കിടെ സൗഹൃദ സംഭാഷണം നടത്തുന്ന വിഡിയോ അമിത് മാളവ്യ പങ്കുവെച്ചത്. ജോ ബൈഡൻ പ്രധാനമന്ത്രിയുടെ അടുത്തേക്ക് വരുന്നതും ഹസ്തദാനം നൽകുന്നതും സൗഹൃദ സംഭാഷണം നടത്തുന്നതും വിഡിയോയിലുണ്ട്. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യയെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ ലോകനേതാക്കൾ ഇന്ത്യൻ പ്രധാനമന്ത്രിയെ തേടിയെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഒരുപാട് മുന്നേറിയിരിക്കുന്നുവെന്നും വിഡിയോ പങ്കുവെച്ചുകൊണ്ട് മാളവ്യ ട്വീറ്റ് ചെയ്തു.
എന്നാൽ മറുപടി ട്വീറ്റിൽ 2009ലെ കോപൻഹേഗൻ കാലാവസ്ഥ ഉച്ചകോടിയിൽ മൻമോഹൻ സിങിനെ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ 'ഗുരു' എന്ന് വിശേഷിപ്പിച്ചതിന് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ജയ്റാം രമേശ് പറഞ്ഞു. ജി20 ഉച്ചകോടിയിലെ മൻമോഹൻസിങിന്‍റെ അഭിപ്രായങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ചയുടെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മൻമോഹൻ സിങിനെ പ്രശംസിക്കുകയും സാമ്പത്തിക പരിഷ്കരണങ്ങൾക്ക് മുൻ പ്രധാനമന്ത്രിയോട് രാജ്യം കടപ്പെട്ടിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.