ബംഗളൂരു: യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ത്രിവർണ്ണ പതാക നശിപ്പിച്ചതിൽ ബ്രിട്ടനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഖലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടൻ ബാധ്യത നിറവേറ്റിയില്ല എന്ന് ജയ്ശങ്കർ തുറന്നടിച്ചു. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമ്മീഷനോ കോൺസുലേറ്റോ സ്ഥിതി ചെയ്യുന്ന ഒരു രാജ്യത്ത് മിഷന്റെ നയതന്ത്രജ്ഞർക്ക് സുരക്ഷ നൽകാനുള്ള ബാധ്യത യു.കെ നിറവേറ്റുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ഏതെങ്കിലും രാജ്യം വിദേശത്ത് എവിടെയെങ്കിലും എംബസി ഉദ്യോഗസ്ഥരെ അയക്കുമ്പോഴെല്ലാം, ഒരു നയതന്ത്രജ്ഞന് തന്റെ ജോലി ചെയ്യാൻ സുരക്ഷ നൽകേണ്ടത് സ്വീകരിക്കുന്ന രാജ്യത്തിന്റെ ബാധ്യതയാണ്. എംബസിയോ ഹൈക്കമ്മീഷനോ കോൺസുലേറ്റോ ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സ്വീകരിക്കുന്ന രാജ്യത്തിന്റെ ബാധ്യതയാണ്. ഈ ബാധ്യതകൾ യു.ടെ പാലിച്ചില്ല’’ -ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ ജയ്ശങ്കർ പറഞ്ഞു.
‘‘അക്രമികൾ ഹൈക്കമ്മീഷനു മുന്നിൽ ഹാജരായ ദിവസം, ഹൈക്കമ്മീഷനിലെ സുരക്ഷ പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടു. ഓരോ രാജ്യത്തിനും സുരക്ഷ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുണ്ട്. എന്നാൽ ഒരു വിദേശകാര്യ മന്ത്രി എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാൻ കഴിയും, ഇത്തരത്തിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങൾ ഞങ്ങൾ അംഗീകരിക്കാൻ പോകുന്നില്ല’’ -ജയ്ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.