ഭുവനേശ്വർ: ആദ്യ യാത്രക്കാരായി സ്ത്രീകൾ ബസിൽ കയറുന്നത് വിലക്കുന്ന ബസ് ജീവനക്കാരുടെ വിവേചനം അവസാനിപ്പിക്കണമെന്ന് ഒഡിഷ വനിത കമീഷൻ.
ആദ്യ യാത്രക്കാരായി സ്ത്രീകൾ കയറിയാൽ ബസ് അപകടത്തിൽ പെടുകയോ നല്ല കലക്ഷൻ ലഭിക്കാതിരിക്കുകയോ ചെയ്യുമെന്ന അന്ധവിശ്വാസം കാരണം ഒഡിഷയിലാണ് ചില ബസ് ജീവനക്കാർ ഇത്തരം വിവേചനം കാണിക്കുന്നത്. സ്ത്രീകൾക്കെതിരായ ഈ വിവേചനം അവസാനിപ്പിക്കാൻ ഉത്തരവിറക്കണമെന്ന് വനിത കമീഷൻ സംസ്ഥാന ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു.
വനിതകൾ ആദ്യ യാത്രക്കാരായി കയറാൻ ബസ് ജീവനക്കാർ അനുവദിക്കുന്നില്ലെന്ന, സാമൂഹിക പ്രവർത്തകൻ ഗാസിറാം പാണ്ഡയുടെ പരാതിയിലാണ് കമീഷൻ നടപടി.
ഭുവനേശ്വറിലെ ബസ് സ്റ്റാൻഡിൽ ഇത്തരം സംഭവമുണ്ടായതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
‘‘മുമ്പും ഇത്തരം പരാതികൾ കമീഷന്റെ മുന്നിൽ വന്നിട്ടുണ്ട്. ഭാവിയിൽ ഇത്തരം നടപടി ആവർത്തിക്കാതിരിക്കാനും സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കാനും, സർക്കാർ-സ്വകാര്യ ബസുകളിൽ ആദ്യ യാത്രക്കാരായി വനിതകൾ കയറുന്നുവെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുകയാണ്’’ -ഗതാഗത വകുപ്പിന് അയച്ച കത്തിൽ വനിത കമീഷൻ ആവശ്യപ്പെട്ടു.
50 ശതമാനം സീറ്റുകളിൽ വനിത സംവരണം ഏർപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.