ന്യൂഡൽഹി: മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഡൽഹി സർവകലാശാലയിലെ പുരുഷ ഹോസ്റ്റൽ സന്ദർശിച്ചതിനെതിരെ ഡൽഹി സർവകലാശാല ശനിയാഴ്ച പ്രതിഷേധം രേഖപ്പെടുത്തി. മുൻ എം.പി സന്ദർശനത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സന്ദർശനം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്തുവെന്ന് ഡൽഹി യൂനിവേഴ്സിറ്റി പ്രോക്ടർ രജനി അബി ആരോപിച്ചു. രാഹുൽഗാന്ധി അനധികൃതമായി ഡൽഹി സർവകലാശാല സന്ദർശിച്ചുവെന്നതാണ് ഞങ്ങളുടെ എതിർപ്പെന്നും രജനി അബി എ.എൻ.ഐയോട് പറഞ്ഞു.
നിങ്ങൾ അലഞ്ഞുതിരിഞ്ഞ് എത്തിയ പൊതുസ്ഥലമല്ല ഇത്. ഉച്ചഭക്ഷണ സമയത്താണ് നിങ്ങൾ എത്തിയത്. അതിനായി ഭക്ഷണം തയാറാക്കും. ചിലപ്പോൾ 75 പേർക്കായിരിക്കും ഭക്ഷണം തയാറാക്കുക. ചിലപ്പോൾ അഞ്ചോ ആറോ ആളുകൾ കൂടുതലായി എത്തും. എന്നാൽ രാഹുൽ ഗാന്ധി പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കുകയാണ്. ഇതുമൂലം ഹോസ്റ്റലിലെ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് ശരിയല്ല. ഭക്ഷണം ലഭിച്ചില്ലെന്ന് വിദ്യാർഥികൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
ആശയവിനിമയത്തിന് രാഹുൽ ഗാന്ധി ഒരു അനുവാദവും വാങ്ങിയിട്ടില്ലെന്നും രജനി അബി ആരോപിച്ചു.ഡി.യു യൂനിവേഴ്സിറ്റി സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി സുരക്ഷാ ലംഘനം നടത്തിയത് ആരുടെയും അനുവാദം പോലും വാങ്ങാത്തതിനാലാണ്.
അദ്ദേഹം പ്രോക്ടറുടെ ഓഫിസിലെങ്കിലും അറിയിക്കണം. രാഹുലിന് ഇസഡ് സുരക്ഷയുണ്ട്. അബദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം പറയുകയെന്നും പ്രോക്ടർ പറഞ്ഞു. രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനത്തെ തുടർന്ന് ഡൽഹി യൂനിവേഴ്സിറ്റിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രാഹുൽ ഡൽഹി യൂണിവേഴ്‌സിറ്റി നോർത്ത് കാമ്പസിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെൻസ് ഹോസ്റ്റലിൽ എത്തി വിദ്യാർഥികളുമായി സംവദിച്ചത്. സംവാദത്തിനു ശേഷം ഹോസ്റ്റലിൽ വിദ്യാർഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.