ന്യൂഡൽഹി: ഇന്ധന വിലക്കയറ്റം തുടരുന്നതിനിടയിൽ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗം നികുതിയിളവിെൻറ കാര്യം പരിഗണിച്ചില്ല. യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ മൂന്നു മന്ത്രിമാർ സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിൽ നികുതിയിളവിനെക്കുറിച്ച ആവർത്തിച്ച ചോദ്യങ്ങൾ ഉയർന്നെങ്കിലും അവർ ഒഴിഞ്ഞുമാറി.
പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, കൃഷി മന്ത്രി രാധാമോഹൻസിങ്, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് മാധ്യമപ്രവർത്തകരെ കണ്ടത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മാത്രം വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനമാണെന്ന വിശദീകരണത്തോടെയാണ് പെട്രോളിയം മന്ത്രി അടക്കമുള്ളവർ തടിയൂരിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബി.ജെ.പി നിർവാഹക സമിതി യോഗത്തിനുശേഷം വാർത്തസമ്മേളനം നടത്തിയപ്പോഴും ഇന്ധന വിലക്കയറ്റ പ്രശ്നം ഉയർന്നുവന്നിരുന്നു. എന്നാൽ, ആദ്യദിനത്തിൽ എത്തിയ മന്ത്രി നിർമല സീതാരാമനും രണ്ടാമത്തെ ദിവസം എത്തിയ മന്ത്രി പ്രകാശ് ജാവ്ദേകറും ഇൗ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പെട്രോൾ, ഡീസൽ വില ഒാരോ ദിവസവും ഉയരുന്ന പ്രവണത തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാൽ, അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനാൽ സർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന വിശദീകരണമാണ് ധനമന്ത്രാലയ വൃത്തങ്ങൾ തുടർച്ചയായി നൽകുന്നത്. എക്സൈസ് തീരുവ കുറച്ചാൽ ധനക്കമ്മി വർധിച്ച് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന നിലപാടിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ മാത്രമല്ല, ബി.ജെ.പിക്കുള്ളിലും സഖ്യകക്ഷികൾക്കും സർക്കാർ സമീപനത്തിൽ കടുത്ത പ്രതിഷേധമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിലും അതിനു മുമ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടി ഏൽക്കേണ്ടി വരുമെന്ന മുന്നറിയിപ്പുകൾ ബി.ജെ.പിക്കുള്ളിൽനിന്നു തന്നെ ഉയരുന്നുണ്ട്. അതിനെല്ലാമിടയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിലപാടിൽ മാറ്റമില്ലാതെ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.