ന്യൂദൽഹി: ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലത്ത് ദേശീയ ടീമിലെ സുപ്രധാന താരങ്ങളിലൊരാളായിരുന്ന വരീന്ദർ സിങ് നിര്യാതനായി. 75 വയസ്സായിരുന്നു. എഴുപതുകളിൽ അവിസ്മരണീയ നേട്ടങ്ങളിലേക്ക് സ്റ്റിക്ക് പായിച്ച ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. രണ്ട് തവണ ഒളിമ്പിക് ഹോക്കിയിൽ രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയ വരീന്ദർ, 1975ൽ ക്വാലാലംപൂരിൽ നടന്ന ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
അന്ന് ഫൈനലിൽ പാകിസ്താനെ 2-1ന് തോൽപിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ച് കപ്പുയർത്തിയത്. ലോകകപ്പിൽ 1928 മുതൽ ഹോക്കിയിൽ തുടർച്ചയായി ജയിച്ചിരുന്ന ഇന്ത്യക്ക് 1960ലെ വിടവാങ്ങലിന് ശേഷം പിന്നീട് കപ്പുയർത്താനായതും ഈ ലോകകപ്പിലായിരുന്നു.
1972ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിനു പിന്നാലെ 1973ൽ ആംസ്റ്റർഡാമിൽ നടന്ന ലോകകപ്പിൽ ഇന്ത്യ വെള്ളി മെഡൽ നേടുമ്പോഴും വരീന്ദർ സിങ് ടീമിന്‍റെ സുപ്രധാന കളിക്കാരനായിരുന്നു. 1974 ലെയും 1978ലെയും ഏഷ്യൻ ഗെയിംസിൽ അദ്ദേഹം വെള്ളി മെഡൽ നേടിയിട്ടുണ്ട്. 1975ലെ മോൺട്രിയൽ ഒളിമ്പിക്സിൽ പങ്കെടുത്തു. 2007 ൽ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.