ഇന്ത്യൻ രാഷ്ട്രീയത്തിൽ ജമ്മു-കശ്മീരിൽ നിന്നുള്ള ഏറ്റവും പ്രമുഖനായ ഈ നേതാവിന്, കഴിഞ്ഞ ഏഴുമാസമായുള്ള അതേ ദിനചര്യയായിരുന്നു അമ്പതാം ജന്മദിനത്തിലും. ശ്രീനഗർ ഗുപ്കർ റോഡിലെ വസതിയിൽനിന്ന് അധികം അകലെയല്ലാതെ, സബ്ജയിൽ ആക്കി മാറ്റിയ ‘ഹരി നിവാസി’ൽ ഒരാഘോഷവുമില്ലാതെ ഉമർ അബ്ദുല്ലയുടെ ജന്മദിനം കടന്നുപോയി.
മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് തലവനുമായ ഉമറിന് ജന്മദിനാശംസ നേർന്ന് ശത്രുഘൻ സിൻഹയും സുപ്രിയ സുലേയും പ്രിയങ്ക ചതുർവേദിയും ട്വീറ്റ് ചെയ്തപ്പോഴാണ്, ഏറെ നാളുകൾക്കുശേഷം സമൂഹം ഉമറിനെയും അദ്ദേഹത്തിനെതിരെയുള്ള അനീതിെയയും കുറിച്ച് ഓർത്തതു തന്നെയെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ജന്മദിനത്തിൽ മാതാവും സഹോദരിയും ഏതാനും ചില ബന്ധുക്കളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ഉമറിനെപോലെതന്നെ പൊതു സുരക്ഷനിയമം ചുമത്തി കേന്ദ്ര സർക്കാർ തടവിലിട്ടതിനാൽ പിതാവ് ഫാറൂഖ് അബ്ദുല്ലക്ക് മകനെ സന്ദർശിക്കാൻ കഴിഞ്ഞില്ല. ഉമറിനുവേണ്ടി താൽക്കാലികമായി താനാണ് അദ്ദേഹത്തിെൻറ ട്വിറ്റർ അക്കൗണ്ട് കൈകാര്യംചെയ്യുന്നതെന്ന് , സഹോദരി സാറ അബ്ദുല്ല പൈലറ്റ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. തിരിച്ചറിയാനാവത്തവിധം നരച്ച താടി വളർത്തി, മഞ്ഞിൽ കുളിച്ച ജാക്കറ്റുമണിഞ്ഞ് നിൽക്കുന്ന ഉമറിെൻറ ചിത്രം ഈയിടെ പുറത്തുവന്നിരുന്നു.
കശ്മീരികളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നയത്തിെൻറ തെളിവാണ് ഉമറിെൻറയും മറ്റുള്ളവരുടെയും അന്യായ തടവെന്ന് വ്യാപക വിമർശം ഉയർന്നിട്ടുണ്ട്. തടവിനെതിരെ സാറ പൈലറ്റിെൻറ ഹരജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.