ഗുഡല്ലൂർ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നീലഗിരി ജില്ലയുടെ തമിഴ്നാട്, കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കിയതായി ജില്ല കളക്ടർ എസ്.പി. അംറിത്ത് അറിയിച്ചു. രോഗവ്യാപനം തടയാനായി ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി.
കേരള, കർണാടക അതിർത്തികളിലെ നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ ചെക്ക് പോസ്റ്റുകളിലും കർണാടക അതിർത്തി കക്കനഹള്ളി ചെക്ക് പോസ്റ്റ്, കുന്നൂർ-മേട്ടുപ്പാളയം ചുരത്തിലെ ബർളിയർ, കോത്തഗിരി ചുരത്തിലെ കുഞ്ചപ്പന ചെക്കു പോസ്റ്റുകളിൽ ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും നടത്തുന്നത്.
ജില്ലയിലേക്ക് പ്രവേശിക്കുന്ന കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും നിരീക്ഷിക്കും. വാഹനങ്ങളിൽ ഉള്ളവർക്ക് ആർക്കെങ്കിലും രോഗബാധ കണ്ടെത്തിയാൽ അവരെ തിരിച്ചയക്കുമെന്നും കലക്ടർ വ്യക്തമാക്കി.
നീലഗിരിയിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചാൽ അവരെയും നിരീക്ഷണത്തിന് വിധേയമാക്കും. ചെക്പോസ്റ്റുകളിലെല്ലാം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിവരുന്നുണ്ട്. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത നാട്ടിൽ നിന്ന് ഇതുവരെ ആരും നീലഗിരിയിലേക്ക് പ്രവേശിച്ചിട്ടില്ല.
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത നാടുകളിൽ നിന്ന് കോയമ്പത്തൂർ, മധുര, തിരുച്ചി, ചെന്നൈ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന നീലഗിരി ജില്ലക്കാരുടെ വിവരം ജില്ല ആരോഗ്യ വകുപ്പിന് കൈമാറും. ഇവർ വീടുകളിൽ എട്ട് ദിവസം നിരീക്ഷണത്തിൽ ഇരിക്കണം. എട്ടു ദിവസങ്ങൾക്കുശേഷം കോവിഡ് പരിശോധന നടത്തി രോഗബാധ ഇല്ലെന്ന് കണ്ടാൽ അവരുടെ നിരീക്ഷണം ഒഴിവാക്കും.
സംസ്ഥാനത്ത് കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. അതിനാൽ തന്നെ മാസ്ക് ധരിക്കൽ, സാമൂഹിക അകലം, കൈ കഴുകൽ, സാനിറ്റൈസർ തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും നിരീക്ഷിക്കപ്പെടുന്നു. വീഴ്ച വരുത്തുന്ന വർക്ക് പിഴ ചുമത്തുന്നതും വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.