ന്യൂഡൽഹി: ഇന്ന് ഇന്ത്യയിലെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ചരമ വാർഷികം ആചരിക്കുന്നു. 1888 സെപ്റ്റംബർ അഞ്ചിന് ജനിച്ച ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ 1975 ഏപ്രിൽ 17-ന് 86 ാം വയസ്സിലാണ് അന്തരിച്ചത്.
രാജ്യത്തെ വിവിധ നേതാക്കൾ മുൻ രാഷ്ട്രപതിയുടെ ഓർമ ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കേന്ദ്രമന്ത്രി കൈലാഷ് ചൗധരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള നേതാക്കൾ ഡോ. എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചു.
വിദ്യാഭ്യാസ വിചക്ഷണനായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ചരമവാർഷികത്തിൽ വിദ്യാഭ്യാസരംഗത്ത് രാധാകൃഷ്ണൻ നൽകിയ സംഭാവനകളെ അനുസ്മരിച്ച് കൊണ്ട് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ ഉത്തമ അധ്യാപകനായി അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുമെന്നും കെജ്രിവാൾ കുറിച്ചു.
‘മഹാനായ അധ്യാപകൻ, ഭാരതരത്ന, മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻജിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ’- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു. നിങ്ങളുടെ ഊർജ്ജസ്വലമായ ചിന്തകൾ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ യുവാക്കളെ എപ്പോഴും പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ബാഗലും അശോക് ഗെഹ്ലോട്ടും സമാനമായ വികാരങ്ങൾ പങ്കുവെച്ചു. ഇരുവരും എസ്.രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കുകയും രാഷ്ട്രനിർമ്മാണത്തിനുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവനകൾ ഓർമ്മിക്കുകയും ചെയ്തു.
പഴയ മദ്രാസ് പ്രസിഡൻസിയിൽ തിരുട്ടാണിയിൽ ജനിച്ച ഡോ. എസ്. രാധാകൃഷ്ണൻ 1952ൽ രാജ്യത്തെ ആദ്യ ഉപരാഷ്ട്രപതിയായി. ഡോ. രാജേന്ദ്ര പ്രസാദിന്റെ പിൻഗാമിയായി 1962-ൽ രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയുമായി. ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ച് ഇന്ത്യയിൽ ദേശീയതലത്തിൽ അധ്യാപക ദിനമായി ആചരിക്കുന്നു.
1954-ൽ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സാഹിത്യ അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് നൽകിയത് ഡോ. എസ്. രാധാകൃഷ്ണനാണ്. സാഹിത്യ അക്കാദമി ഒരു എഴുത്തുകാരന് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് അക്കാദമി ഫെലോഷിപ്പ്. 16 ാം വയസ്സിൽ വിവാഹിതനായ അദ്ദേഹം പാശ്ചാത്യർക്കിടയിൽ ഹിന്ദുമതത്തെ കൂടുൽ പ്രചരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.