ന്യൂഡൽഹി: ആറായിരത്തോളം എൻ.ജി.ഒകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയ നടപടിയിൽ ഇടക്കാല ആശ്വാസത്തിന് സുപ്രീംകോടതി അനുമതിയില്ല. എൻ.ജി.ഒകൾക്ക് വിദേശഫണ്ട് കൈപ്പറ്റാൻ ആവശ്യമായ ലൈസൻസ് പുനസ്ഥാപിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
രാജ്യത്തെ ആയിരക്കണക്കിന് സന്നദ്ധ സംഘടനകൾക്ക് വിദേശരാജ്യങ്ങളിൽനിന്ന് ഫണ്ട് കൈപ്പറ്റുന്നതിന് ആവശ്യമായ ലൈസൻസ് നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് ഹരജി നൽകിയത്.
6000ത്തോളം എൻ.ജി.ഒകൾ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകിയില്ലെന്നും 11,594 എൻ.ജി.ഒകൾ അപേക്ഷ നൽകിയെന്നും അവ പരിഗണിച്ചുവെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിയമാനുസൃതം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കേന്ദ്രസർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ ഹാജരായി.
'ഹരജി നൽകിയ എൻ.ജി.ഒ യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ്. ഹൂസ്റ്റണാണ് ആസ്ഥാനം. ലൈസൻസ് നീട്ടിനൽകാൻ അപേക്ഷ നൽകിയ എൻ.ജി.ഒകളുടെ അപേക്ഷ പരിഗണിക്കുകയും ലൈസൻസ് നീട്ടി നൽകുകയും ചെയ്തിരുന്നു. ഈ ഹരജിയുടെ പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. ദുരുദ്ദേശമുണ്ടെന്ന് കരുതുന്നു' -തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.
വിദേശസഹായം സ്വീകരിക്കാനുള്ള തിരുപ്പതി ദേവസ്ഥാനം ക്ഷേത്രം ഉൾപ്പെടെയുള്ള 6000 എൻ.ജി.ഒകളുടെ ലൈസൻസ് നീട്ടിനൽകിയില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ സജ്ഞയ് ഹെഗ്ഡെ കോടതിയെ അറിയിച്ചു. എന്നാൽ, ഈ എൻ.ജി.ഒകൾ ലൈസൻസ് നീട്ടി നൽകാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ അവർക്ക് നിലവിലെ സ്ഥിതിയിൽ തുടരാൻ താൽപര്യമില്ലെന്നാണ് അർഥമാക്കുന്നതെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ പറഞ്ഞു. കേസിൽ വീണ്ടും വാദം കേൾക്കും. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല.
മദർ തെരേസ സ്ഥാപിച്ച സന്ന്യാസ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഹരജിയും ഇതിൽ ഉൾപ്പെടും. എന്നാൽ, ഇതിന്റെ ലൈസൻസ് കേന്ദ്രസർക്കാർ പുനസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാകും കേന്ദ്രനടപടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ഇന്ത്യക്കാർക്ക് സഹായം നൽകിയ 6000ത്തിലധികം എൻ.ജി.ഒകൾക്ക് പുതിയ തീരുമാനം തിരിച്ചടിയാകുമെന്നും ഹരജിയിൽ പറയുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രകാരം കോവിഡ് ദേശീയ ദുരന്തമായി തുടരുന്നതുവരെയെങ്കിലും ലൈസൻസ് നീട്ടിനൽകണമെന്നാണ് ഹരജിയിൽ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.