ഗുജറാത്തിൽ മുസ്ലീം യുവാക്കളെ പൊലീസ് മർദിച്ച സംഭവം; മനുഷ്യാവകാശ കമീഷനെതിരെ തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: ഗുജറാത്ത് പൊലീസ് മുസ്ലീം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷന് പരാതി നൽകിയിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ. വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുക്കാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ഗുജറാത്തിലെ ഖേഡ ജില്ലയിൽ നവരാത്രി പരിപാടിക്ക് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ചില മുസ്ലീം യുവാക്കളെ ഗുജറാത്ത് പൊലീസ് തൂണോട് ചേർത്തുപിടിച്ച് പരസ്യമായി തല്ലിച്ചതക്കുകയായിരുന്നു.

"പൊലീസുകാർ ചേർന്ന് മുസ്ലീം യുവാക്കളെ പരസ്യമായി തല്ലിചതച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തിട്ടില്ലെന്നത് ലജ്ജാകരമാണ്. വിഷയത്തിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്ന ന്യായം ഉണ്ടാവാതിരിക്കാൻ തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കമീഷന് മുന്നിൽ പരാതി നൽകിയിട്ടുണ്ട്"- ഖോകലെ ട്വീറ്റ് ചെയ്തു. പരാതിയുടെ പകർപ്പും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഗുജറാത്തിലെ ഖേഡ ജില്ലയിൽ ഒരുകൂട്ടം മുസ്ലീം പുരുഷൻമാരെ തൂണിൽ കെട്ടിയിട്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു. എന്നാൽ പരിപാടിക്ക് നേരെ കല്ലെറിഞ്ഞ യുവാക്കൾക്കുള്ള ശിക്ഷയായണ് അവരെ കെട്ടിയിട്ട് അടിച്ചതെന്ന് പൊലീസ് അവകാശപ്പെട്ടു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപ്രേരിതമായി ന്യൂനപക്ഷങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളുടെ തെളിവാണിതെന്ന് ഖോകലെ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ഗുജറാത്ത് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - On Gujarat Flogging, Trinamool's Move, Says No Excuse For Rights Body Now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.