ന്യൂഡൽഹി: രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷനിയമത്തിലെ 124-എ വകുപ്പ് എടുത്തുകളയാൻ പാടില്ലെന്നും, നിയമദുരുപയോഗം തടയാൻ മാർഗനിർദേശം കൊണ്ടുവരുകയാണ് വേണ്ടതെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
അതേസമയം, വിവാദ വകുപ്പ് ചോദ്യം ചെയ്യുന്ന ഹരജികൾ വിപുല ബെഞ്ചിന്റെ പരിഗണനക്ക് വിടേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തീരുമാനിച്ചു. ഇതേക്കുറിച്ച് ചൊവ്വാഴ്ച പ്രാരംഭ വാദം കേൾക്കും.
124-എ വകുപ്പ് നിലനിർത്താനാണ് 1962ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് കേദാർനാഥ് കേസിൽ നിശ്ചയിച്ചത്. എന്നിരിക്കേ, മൂന്നംഗങ്ങൾ മാത്രമുള്ള ബെഞ്ച് ഇക്കാര്യം പരിശോധിക്കുന്നത് അനുചിതമാണോ, വിപുല ബെഞ്ചിന് വിടേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ചൊവ്വാഴ്ച വാദം കേൾക്കുക.
എഡിറ്റേഴ്സ് ഗിൽഡ്, മുൻകേന്ദ്രമന്ത്രി അരുൺ ഷൂരി, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, പീപ്ൾസ് യൂനിയൻ ഓഫ് സിവിൽ ലിബർട്ടീസ്, മാധ്യമ പ്രവർത്തകരായ പട്രീഷ്യ മുഖിം, അനുരാധ ഭാസിൻ, അസം ജേണലിസ്റ്റ് യൂനിയൻ, കരസേന റിട്ട. മേജർ ജനറൽ എസ്.ജി. വൊംബാദ്കരെ തുടങ്ങിയവർ നൽകിയ ഒരുകൂട്ടം റിട്ട് ഹരജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
ഇതിൽ നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. സർക്കാർ നിലപാട് കോടതി വ്യാഴാഴ്ചയും ആരാഞ്ഞു. എന്നാൽ കോടതിക്ക് നൽകേണ്ട മറുപടിയിലെ ഉള്ളടക്കം ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്കായി നൽകിയിരിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. പത്തു മാസം മുമ്പ് ഇക്കാര്യത്തിന് നോട്ടീസ് അയച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്റെ മറുപടി തേടി.
രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ശിക്ഷവ്യവസ്ഥകൾ നിലനിർത്തേണ്ടതുണ്ടെന്നും ദുരുപയോഗം തടയാൻ മാർഗനിർദേശം കൊണ്ടുവരാമെന്നുമുള്ള കാഴ്ചപ്പാട് വേണുഗോപാൽ അറിയിച്ചത് ഈ സന്ദർഭത്തിലാണ്. കേസ് വിപുല ബെഞ്ചിന് വിടേണ്ട കാര്യമില്ലെന്ന് അറ്റോണി ജനറലും പരാതിക്കാരുടെ അഭിഭാഷകനായ കപിൽ സിബലും അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ഹരജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേദാർനാഥ് കേസിലേക്ക് കടക്കാതെ തന്നെ തീർപ്പു കൽപിക്കാനാവും. എന്നാൽ അഞ്ചംഗ ബെഞ്ച് അംഗീകരിച്ച ഒരു നിയമം മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് അസാധുവാക്കിയ ഒറ്റ സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ കോടതി ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് അഞ്ചംഗ ബെഞ്ച് അംഗീകരിച്ചിട്ടും രണ്ടംഗ ബെഞ്ച് ലില്ലി തോമസ് കേസിൽ അസാധുവാക്കിയ കാര്യം മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
ഈ വാദഗതികൾ മുൻനിർത്തിയാണ് വിപുല ബെഞ്ചിന് കേസ് വിടേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ചൊവ്വാഴ്ച പ്രാരംഭ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. ഇക്കാര്യത്തിൽ ശനിയാഴ്ചക്കകം ബന്ധപ്പെട്ട കക്ഷികൾ നിലപാട് അറിയിക്കണം. കേന്ദ്രത്തിന്റെ നിലപാട് തിങ്കളാഴ്ച അറിയിക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.