മുംബൈ: വേദാന്ത-ഫോക്സോൺ സെമികണ്ടക്ടർ നിർമാണശാലയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗുജറാത്ത് പാകിസ്താനല്ലെന്നും അവർ തങ്ങളുടെ സഹോദര സംസ്ഥാനമാണെന്നുമാണ് ഫഡ്നാവിസിന്റെ പ്രതികരണം. ഇത് ആരോഗ്യകരമായ മത്സരമാണ്. ഞങ്ങൾ ഗുജറാത്തിനേക്കാളും കർണാടകയേക്കാളും മുന്നിലെത്തണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് ഫഡ്നാവിസ് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പറഞ്ഞു.
വേദാന്തയുടെ വ്യവസായശാല മഹാരാഷ്ട്രക്ക് നഷ്ടമായതിൽ വിമർശനവുമായി ശിവസേനയും കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തിയിരുന്നു. സെമി കണ്ടക്ടർ നിർമാണശാല പൂണെക്കടുത്ത് തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നാടകീയമായി സെപ്തംബർ 13ന് ഗുജറാത്ത് സർക്കാറുമായി കരാർ ഒപ്പിടുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിൽ നിലവിലുള്ള സർക്കാർ കേന്ദ്രസർക്കാറിന്റെ ആജ്ഞയനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുകയും ചെയ്തിരുന്നു.
താൻ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഗുജറാത്ത് നൽകുന്ന രീതിയിലുള്ള ആനുകൂല്യങ്ങൾ കൊടുക്കാമെന്ന് വേദാന്തയെ അറിയിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും പദ്ധതി ഗുജറാത്തിലേക്ക് മാറ്റുന്നതിനുള്ള അന്തിമഘട്ടത്തിലേക്ക് കമ്പനി കടന്നിരുന്നുവെന്നും ഫഡ്നാവിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.