തോക്കെടുത്ത മാവോയിസ്റ്റിൽനിന്ന് ആദ്യം എം.എൽ.എയിലേക്ക്, ഇപ്പോഴിതാ നാട് ഭരിക്കുന്ന മന്ത്രിയും. തെലങ്കാനക്കാർ സ്നേഹത്തോടെ സീതാക്ക എന്ന് വിളിക്കുന്ന ദനസരി അനസൂയ ചരിത്രം തിരുത്തിയെഴുതുകയാണ്. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി മന്ത്രിയായി സീതാക്ക സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വഴിമാറുന്നത് ചരിത്രം കൂടിയാണ്. മൂന്നാംവട്ടവും മുലുഗ് മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് സീതാക്ക മന്ത്രിപദമേറുന്നത്.
കൗമാരത്തിൽ നക്സലൈറ്റായി
തെലങ്കാനയിലെ ഗോത്രവര്‍ഗ കുടുംബത്തിൽ 1971 ജൂലൈ ഒന്‍പതിനാണ് സീതാക്കയുടെ ജനനം. സീതാക്കയുടെ ജനനം. കൗമാരത്തില്‍ നക്സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. 14–ാം വയസിലാണ് ദനസരി അനസൂയ നക്സല്‍ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നത്. സ്‌കൂള്‍ പഠനകാലത്ത് ജനശക്തി നക്‌സല്‍ ഗ്രൂപ്പിന്റെ ഭാഗമായി. 28 വയസുവരെ സജീവ മാവോയിസ്റ്റായിരുന്നു.
27 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഏപ്രില്‍ മാസം. പൊലീസ് വെടിവയ്പില്‍ നിന്ന് രക്ഷപെടാന്‍ ചോര വാര്‍ന്നൊലിച്ചിട്ടും ഒരു ഇരുപത്തിയഞ്ചുകാരി വാറങ്കലിലെ നല്ലബല്ലിയിലൂടെ ഓടി. പത്തുപേരടങ്ങുന്ന തന്‍റെ ദളത്തെ രക്ഷിക്കാന്‍ പൊലീസിനെ വെട്ടിച്ചോടിയ സിപിഐഎംല്ലുകാരി ദനസരി അനസൂയയുടെ പുതിയ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ഒടുവില്‍ 11 വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം ആയുധം വച്ച് കീഴടങ്ങിയ സീതക്ക ചന്ദ്രബാബു നായിഡുവിന്‍റെ ക്ഷണം സ്വീകരിച്ച് 2004 ല്‍ രാഷ്ട്രീയത്തിലിറങ്ങി. ടിഡിപിക്കൊപ്പം ചേര്‍ന്ന് 2009 ല്‍ പട്ടിക വര്‍ഗ സംവരണ മണ്ഡലമായ മുളുഗുവില്‍ നിന്നും എംഎല്‍എയായി. പഠിച്ച് അഭിഭാഷകയായി.
2018 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുളുഗുവില്‍ നിന്ന് വീണ്ടും ജനവിധി തേടി. ജനങ്ങള്‍ രണ്ടാമതും മണ്ഡലം സീതാക്കയുടെ കയ്യില്‍ വിശ്വസിച്ചേല്‍പ്പിച്ചു. ലോക്ഡൗണില്‍ പലരും പട്ടിണി കിടന്നപ്പോള്‍ തന്‍റെ മണ്ഡലത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റാന്‍ വിശപ്പിനെ തുരത്തുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ സീതാക്ക കല്ലും മലയും ചവിട്ടിയത് 40 ദിവസമാണ്. അണികളില്‍ ചിലരും സീതാക്കയ്ക്കൊപ്പം ചെന്നു.
42 ഡിഗ്രി പൊള്ളുന്ന ചൂടിലും 356 ആദിവാസി ഗ്രാമങ്ങളും കുടികളിലും സീതക്ക നടന്നെത്തി. പലയിടങ്ങളിലും റോഡില്ല. റോഡ് അവസാനിക്കുന്നത് വരെ ട്രാക്ടറില്‍ ഭക്ഷണവുമായെത്തി അവിടെ നിന്നവര്‍ നടക്കുകയാണുണ്ടായത്. ലോക്ഡൗണ്‍ തീരുന്നത് വരെ ആ നടത്തം തുടര്‍ന്നു. ‘വിശപ്പെന്തെന്ന് എനിക്കറിയാം’ എന്നായിരുന്നു ഇതേക്കുറിച്ചുള്ള അവരുടെ പ്രതികരണം.
രാഷ്ട്രീയവും പഠനവും
സീതാക്ക 2009-ലാണ് ആദ്യം എം.എല്‍.എ. ആകുന്നത്. 2004-ല്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2014-ല്‍ വീണ്ടും മത്സരിച്ചെങ്കിലും ബി.ആര്‍.എസ് (അന്നത്തെ ടി.ആര്‍.എസ്.) സ്ഥാനാര്‍ഥി അസ്മീര ചന്തുലാലിനോട് പരാജയപ്പെട്ടു. 2017-ല്‍ ടി.ഡി.പി വിട്ട സീതാക്ക കോണ്‍ഗ്രസില്‍ ചേരുകയും ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. 2018-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സീതാക്ക, 2023-ലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.
നക്‌സലൈറ്റ് പ്രവര്‍ത്തനത്തില്‍നിന്ന് പുറത്തുവന്നതോടെ അവർ നിയമപഠനത്തിലേക്കും കടന്നു. തുടർന്ന് അഭിഭാഷകയായി. 2022ല്‍ 51-ാം വയസ്സില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് അവര്‍ ഡോക്ടറേറ്റ് നേടി. താന്‍ ഉള്‍പ്പെടുന്ന കോയ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥയെ ആസ്പദമാക്കിയായിരുന്നു സീതാക്കയുടെ ഗവേഷണം.
പത്ത് വര്‍ഷത്തിലധികമായി താന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയാണ് അവരുടെ ജീവിതം അരക്ഷിതമാക്കിയതെന്നും കൂടുതല്‍ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിട്ടതെന്നും കണ്ടെത്തിയതോടെയാണ് സ്വന്തമായി പഠിച്ച് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെങ്കില്‍ രാഷ്ട്രപതിക്കും സമര്‍പ്പിക്കാമെന്ന ദൃഢനിശ്ചയത്തില്‍ പിച്ച്ഡിക്ക് 2012ല്‍ തുടക്കമിട്ടതെന്ന് സീതക്ക പറയുന്നു. 'കുട്ടിക്കാലത്ത് ഞാനൊരിക്കലും നക്സലൈറ്റാകുമെന്ന് കരുതിയതല്ല. നക്സലൈറ്റായിരിക്കുമ്പോള്‍ അഭിഭാഷകയാകുമെന്നും. അഭിഭാഷകയായിരുന്ന കാലത്ത് എംഎല്‍എയാകുമെന്ന സ്വപ്നവുമുണ്ടായിരുന്നില്ല. പിന്നീട് പിഎച്ച്ഡി എടുക്കുമെന്നും. നിങ്ങള്‍ക്കിനിയെന്നെ ഡോക്ടര്‍ ദനസരി അനസൂയയെന്ന് ധൈര്യമായി വിളിക്കാം'. ചരിത്രമെഴുതിയ ആ ദിവസത്തെ കുറിച്ച് സീതക്ക സമൂഹമാധ്യമത്തില്‍ കുറിച്ചതങ്ങനെയായിരുന്നു.
ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ കെസിആറിനെ താഴെയിറക്കാന്‍ ആദിവാസി മേഖലകളില്‍ കോണ‍്‍ഗ്രസിനായി സീതാക്ക നടത്തിയ പോരാട്ടം വിലമതിക്കാനാവാത്തതാണ്. സീതാക്ക ഇങ്ങനെ മുളുഗുവില്‍ മാത്രമൊതുങ്ങേണ്ടയാളല്ലെന്ന് ഭാരത് ജോഡോ യാത്രയോടെ ദേശീയ നേതൃത്വത്തിനും ബോധ്യപ്പെട്ടിരുന്നു. രേവന്ത് റെഡ്ഡി ഇത് പിന്നീട് ആവര്‍ത്തിക്കുകയും ചെയ്തു. ആ പോരാട്ടവീര്യത്തിനും ആത്മാര്‍ഥതയ്ക്കും ജനകീയതയ്ക്കുമുള്ള പ്രതിഫലമാണ് ഈ മന്ത്രി സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.