ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ഭാര്യാ സഹോദരനും സുഹൃത്തും അനധികൃതമായി കാറിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചു. കമീഷണർ ടാസ്ക് ഫോഴ്സ് ഉത്തര മേഖല സംഘവും ബേഗുംപെറ്റ് പൊലീസും ചേർന്ന് ബേഗുംപെറ്റ് മേൽപ്പാലത്തിനു സമീപത്തു നിന്നാണ് പണം പിടിച്ചെടുത്തത്.
ദബ്ബാക്കിൽ ചൊവ്വാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് നൽകുന്നതിനായി കൊണ്ടുപോവുകയായിരുന്നു പണം. സംഭവത്തിൽ ദബ്ബാക്ക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി എം. രഘുനന്ദൻ റാവുവിൻെറ ഭാര്യാസഹോദരൻ സുരഭി ശ്രീനിവാസ റാവു(47), രവി കുമാർ(33) എന്നിവരെ പിടികൂടി. ഇരുവരും ബിസിനസ്സുകാരാണ്.
500ൻെറയും 2000ത്തിൻെറയും നോട്ടുകളടങ്ങിയ പണമാണ് പ്രതികളിൽനിന്ന് കണ്ടെടുത്തത്. മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തുകക്ക് ദബ്ബാക്കയിലെ ബി.ജെ.പി സ്ഥാനാർഥിയുമായി നേരിട്ട് ബന്ധമുള്ളതായി മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് പൊലീസ് കമീഷണർ അഞ്ജനി കുമാർ പറഞ്ഞു.
പെഡ്ഡപ്പള്ളി മണ്ഡലത്തിലെ മുൻ എം.പി ജി. വിവേക് വെങ്കട്ട സ്വാമിയുടെ ഉടമസ്ഥതയിലുള്ള വിശാഖ ഇൻഡസ്ട്രീസിൻെറ ബേഗുംപെറ്റിലെ ഓഫിസിൽ നിന്നാണ് സുരഭി ശ്രീനിവാസ റാവു പണം കൈപ്പറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.