ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന തകർത്ത തെരുവിലൂടെ നടക്കുന്ന ഫലസ്തീനികൾ 

വെസ്റ്റ്ബാങ്കിൽ നിരപരാധികളെ ബന്ദികളാക്കുന്നത് തുടരുന്നു

ഗസ്സ: അധിനിവേശം നടത്തി ഇസ്രായേൽ പൗരന്മാരെ അനധികൃതമായി താമസിപ്പിക്കുന്ന വെസ്റ്റ്ബാങ്കിൽ തദ്ദേശീയരായ ഫലസ്തീനികളെ അന്യായമായി പിടിച്ചു​െകാണ്ടുപോകുന്നത് ഇസ്രായേൽ തുടരുന്നു. രാപ്പകൽ ഭേദമന്യേ കവചിത സൈനിക വാഹനങ്ങളുമായി ഇരച്ചെത്തുന്ന അധിനിവേശ സൈന്യം ഇന്ന് പുലർച്ചെയും നിരവധി പേരെ വെസ്റ്റ് ബാങ്കിലെ വടക്കൻ നഗരമായ ജെനിനിൽ നിന്ന് പിടികൂടി തടവിലാക്കി.

ഒരു യുവാവിനെ വെടിവെച്ചിട്ടതായും ഗുരുതര പരിക്കേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.

നസ്രത്ത്, നബ്‍ലസ്, ഹൈഫ എന്നിവിടങ്ങളിൽനിന്ന് കവചിത വാഹനങ്ങളും ബുൾഡോസറുകളും അപ്പാച്ചെ ഹെലികോപ്റ്ററുകളുമായാണ് ഇസ്രായേൽ ജെനിൻ അഭയാർഥി ക്യാമ്പിലേക്ക് പ്രവേശിച്ചത്. ക്യാമ്പിലും പരിസരത്തുമുള്ള നിരവധി വീടുകൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയും ഗ്രനേഡുകൾ, കണ്ണീർ വാതകം എന്നിവ പ്രയോഗിക്കുകയും ചെയ്തു.

അറബ് അമേരിക്കൻ സർവകലാശാലയിലെ അധ്യാപകൻ ജമാൽ ഹവീൽ, ജെനിൻ ഗവർണറേറ്റിലെ ഫതഹ് സെക്രട്ടറി അത്ത അബു റുമൈല, മകൻ അഹമ്മദ് ഉൾപ്പെടെ നിരവധി പേരെ പിടികൂടി ​െ:ാണ്ടുപോയതായും നിരവധി വീടുകൾ ഇസ്രായേൽ സൈന്യം വളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പിടികൂടിയവരെ ഇസ്രയേൽ സൈന്യം ക്രൂരമായി മർദിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിന് സമീപമുള്ള റൗണ്ട് എബൗട്ടും ജെനിൻ ക്യാമ്പിലെ ജബ്രിയത്ത് പരിസരത്തെ വൈദ്യുതി ട്രാൻസ്ഫോർമറുകളും ഇസ്രായേലി ബുൾഡോസറുകൾ തകർത്തു.

ഒക്ടോബർ 7 ന് ശേഷം 1680ലധികം ഫലസ്തീനികളെയാണ് അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്ന് അന്യായമായി പിടികൂടി ഇസ്രായേലിലെ തടവറകളിലിട്ടതെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സമിതി വ്യക്തമാക്കി. കുട്ടികളടക്കം 121-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തി.

ഇവരടക്കം ഇസ്രായേൽ തടവറയിൽ 6,600 ഫലസ്തീനികളാണ് മൃഗീയ പീഡനം അനുഭവിക്കുന്നത്. മിക്കവരും വർഷങ്ങളായി അകാരണമായി തടവിലടക്കപ്പെട്ടവർ. അവരിൽ രണ്ടുപേർ നവജാത ശിശുക്കളാണ്. 327 പേർ കൊച്ചുകുഞ്ഞുങ്ങൾ. 73 പേർ സ്ത്രീകളും. സംഘർഷത്തിന് മുമ്പ് അയ്യായിരത്തിലധികം ഫലസ്തീനികളെ ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയിരുന്നു. 

Tags:    
News Summary - One injured, several arrested in major Israeli raid in Jenin: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.