"ഒരാൾ, ഒരു സർക്കാർ, ഒരു ബിസിനസ് ഗ്രൂപ്പ്" എന്നതിലാണ് നരേന്ദ്ര മോദി വിശ്വസിക്കുന്നത്- കോൺഗ്രസ്

ന്യുഡൽഹി: 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ജി 20 പ്രമേയമെങ്കിലും പ്രധാനമന്ത്രി വിശ്വസിക്കുന്നത് "ഒരു മനുഷ്യൻ, ഒരു സർക്കാർ, ഒരു ബിസിനസ് ഗ്രൂപ്പ്" എന്നാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

അദാനി വിഷയത്തിൽ ശനിയാഴ്ച സർക്കാരിനെ കടന്നാക്രമിച്ചാണ് ജയറാം രമേശിന്റെ പ്രസ്താവന. യു.എസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ക്രമക്കേടുകൾ ആരോപിച്ച ഗൗതം അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു.

2023-ലെ ജി20 ഉച്ചകോടി ഡൽഹിയിൽ ആരംഭിക്കുമ്പോൾ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും തടയാൻ മുൻ യോഗങ്ങളിൽ മോദി നടത്തിയ നിരവധി പരാമർശങ്ങൾ ഓർക്കേണ്ടതുണ്ടെന്ന് ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

2014-ലെ ബ്രിസ്‌ബേൻ ജി20 മീറ്റിംഗിൽ സാമ്പത്തിക കുറ്റവാളികളുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കാനും പണം വെളുപ്പിക്കുന്നവരെ കണ്ടെത്തി കൈമാറാനും വേണ്ടി ആഗോള സഹകരണത്തിന് ആഹ്വാനം ചെയ്തു. 2018ലെ ബ്യൂണസ് എയേഴ്‌സ് ജി20 ഉച്ചകോടിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ നടപടിക്കും ആസ്തി വീണ്ടെടുക്കലിനും വേണ്ടി മോദി ഒമ്പത് ഇന അജണ്ട അവതരിപ്പിച്ചു.

കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ എന്നിവരെ രാജ്യം വിടാൻ ബി.ജെ.പി അനുവദിച്ചതിന്റെ അനായാസത കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഒമ്പത് പോയിന്റ് അജണ്ട ചിരിപ്പിക്കുന്നതാണ്. സമീപ വർഷങ്ങളിൽ 72 പ്രധാന സാമ്പത്തിക കുറ്റവാളികളിൽ രണ്ടുപേരെ മാത്രമേ തിരികെ കൊണ്ടുവരാൻ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി തന്റെ അടുത്ത സുഹൃത്തായ അദാനിക്ക് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, റോഡ് തുടങ്ങിയ നിർണായക മേഖലകളിൽ കുത്തകകൾ സൃഷ്ടിക്കാൻ തന്റെ കൈയിലുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് സഹായം നൽകുന്നു. അദാനിക്കെതിരായ എല്ലാ അന്വേഷണങ്ങളും ആസൂത്രിതമായി തടയുകയും ചെയുന്നതായി അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - 'One Man, One Government, One Business Group': Cong takes swipe at govt over Adani issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.