ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു.
സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൊലീസ് ബാരിക്കേഡുകൾ മറികടന്ന് സമരക്കാർ ചൊവ്വാഴ്ച വൈകീട്ട് ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരി മാർച്ച് നടത്തി.
ജന്തർമന്തറിൽനിന്ന് ബസിൽ ഇന്ത്യാഗേറ്റിലേക്ക് പോകണമെന്ന് സമരക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്തുണയുമായി എത്തിയ ആയിരക്കണക്കിന് ആളുകളോടൊപ്പം ഗുസ്തിതാരങ്ങൾ കാൽനടയായി തന്നെ ഇന്ത്യാഗേറ്റിലേക്ക് മാർച്ച് നടത്തി.
ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉൾപ്പെടെയുള്ളവരും ഖാപ് പഞ്ചായത്ത് നേതാക്കളും കർഷകരും പിന്തുണയുമായി ഇന്ത്യാഗേറ്റിൽ എത്തിയിരുന്നു. സമരത്തിന് മുന്നോടിയായി താരങ്ങൾ ചൊവ്വാഴ്ച രാവിലെ ഡൽഹി സർവകലാശാല കാമ്പസുകൾ സന്ദർശിച്ച് വിദ്യാർഥികളുടെ പിന്തുണ തേടി.
ബ്രിജ് ഭൂഷണെ ഒരാഴ്ചക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനമായ ഞായറാഴ്ച പാർലമെന്റിന് മുന്നിൽ വനിത ഖാപ് പഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ശക്തിപ്പെടുന്നതിനിടെ അയോധ്യയിൽ തന്റെ രാഷ്ട്രീയ ശക്തിപ്രകടനത്തിനുള്ള ഒരുക്കത്തിലാണ് ബ്രിജ് ഭൂഷൺ.
ജൂൺ അഞ്ചിന് അയോധ്യയിൽ ‘ജൻ ചേതന മഹാറാലി’ നടത്താനാണ് തീരുമാനം. റാലി സംബന്ധിച്ച് ബി.ജെ.പി പ്രതികരിക്കാൻ തയാറായിട്ടില്ല. നുണപരിശോധനക്ക് തയാറാകണമെന്ന ബ്രിജ് ഭൂഷന്റെ വെല്ലുവിളി ഗുസ്തി താരങ്ങൾ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.