ബംഗളൂരു: കന്നട സിനിമ മേഖലയെ പിടിച്ചു കുലുക്കിയ മയക്കുമരുന്ന് വിവാദത്തിൽ ശനിയാഴ്ച ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, സുഹൃത്ത് രവി ശങ്കർ, രാഹുൽ ഷെട്ടി തുടങ്ങിയവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ൈനജീരിയൻ സ്വദേശി ലൂം പെപ്പർ സാംബയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന് കീഴിലെ ആൻറി നാർക്കോട്ടിക് വിങ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇടപാടുകാരെ കുറിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കും.
ബംഗളൂരു നഗരത്തിൽ മയക്കുമരുന്ന് ഇടപാട് കൂടുതലും നടക്കുന്നത് വിദേശ പൗരന്മാർ ഇടനിലക്കാരായാണെന്ന് സി.സി.ബി കണ്ടെത്തിയിരുന്നു.അതിനിടെ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കളും ശനിയാഴ്ച ബംഗളൂരുവിൽ പിടിയിലായി. എ. സുബ്രഹ്മണി നായർ (26), വിധുസ് (31), ഷെജിൻ മാത്യു (21) എന്നിവരെയാണ് ബംഗളൂരു പൊലീസിന് കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കെ.ആർ പുരത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 2.1 കിലോ ഹഷീഷ് ഒായിലും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇവക്ക് 44 ലക്ഷം രൂപ വിലവരും. അറസ്റ്റിലായ വിധുസ് ഇംഗ്ലണ്ടിൽ എം.എസ്സി പഠനം പൂർത്തിയാക്കിയയാളാണ്. വിശാഖപട്ടണത്തെ ഏജൻറിൽനിന്നാണ് സംഘം ലഹരിവസ്തുക്കൾ വാങ്ങിയതെന്നും ബംഗളൂരു നഗരത്തിൽ വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തെ തുടർന്ന് സി.സി.ബിയുടെ ആൻറി നാർക്കോട്ടിക് വിങ് കെ.ആർ പുരത്തെ വീട്ടിലെത്തി തൊണ്ടിസഹിതം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സി.സി.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.