ചെന്നൈ: തെരഞ്ഞെടുപ്പുകൾ ഏകീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഇന്ത്യയെ പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് ശേഷം ബി.ജെ.പിയുടെ അടുത്ത മുദ്രാവാക്യം 'ഒരു രാജ്യം ഒരു പ്രസിഡന്‍റ്' എന്നതാവും. ഇന്ത്യൻ രാഷ്ട്രീയത്തെ വൺ-മാൻ ഷോ ആക്കിത്തീർക്കാനുള്ള നീക്കമാണിത് -സ്റ്റാലിൻ പറഞ്ഞു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന സാഹചര്യം വന്നാൽ ഡി.എം.കെ പോലെയുള്ള കക്ഷികൾക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യം വരുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എ.ഐ.എ.ഡി.എം.കെയ്ക്കും ഇതേ സാഹചര്യമുണ്ടാകും. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി'നെ എ.ഐ.എ.ഡി.എം.കെ ഇപ്പോൾ പിന്തുണക്കുന്നത് സ്വയം ബലിയാടാകേണ്ടിവരുമെന്ന് അറിയാതെയാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് വേണ്ടി 2021ൽ തമിഴ്നാട്ടിൽ അധികാരത്തിൽ വന്ന ഡി.എം.കെ സർക്കാറിനെ പിരിച്ചുവിടുമോ? കേരളത്തിലെയും കർണാടകയിലെയും പശ്ചിമ ബംഗാളിലെയും സർക്കാറുകളെ പിരിച്ചുവിടുമോ? ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് സർക്കാറുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യും? അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരെ അവിടെ പ്രസിഡന്‍റിന്‍റെ ഭരണമായിരിക്കുമോ? -സ്റ്റാലിൻ ചോദിച്ചു.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ആശയമെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ ഓർമിപ്പിച്ചിരുന്നു.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തെ നേതാക്കൾ വിമർശനമുയർത്തുന്നത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരെ കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉന്നതതല സമിതി യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയെ അംഗമായി ഉൾപ്പെടുത്തിയിരുന്നെങ്കിലും സമിതിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.