36 ഉ​പ​ഗ്ര​ഹ​ങ്ങളുമായി ഐ.​എ​സ്.​ആ​ർ.​ഒയുടെ

ജി.​എ​സ്.​എ​ൽ.​വി റോ​ക്ക​റ്റ് ഉയരുന്നു

വൺവെബ് ദൗത്യം വിജയം, വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽ ചുവടുറപ്പിച്ച് ഇന്ത്യ

ശ്രീഹരിക്കോട്ട: ഒറ്റയടിക്ക് 5.4 ടണ്ണിന്റെ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണരംഗത്ത് ചുവടുറപ്പിച്ച് ഇന്ത്യ. ഞായറാഴ്ച പുലർച്ചെ 12.07ന് വൺവെബ് ഇന്ത്യ-1 ദൗത്യം ആന്ധ്രപ്രദേശിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയർന്നത് ചരിത്രനേട്ടത്തിലേക്കാണ്.

ഒന്നേകാൽ മണിക്കൂറിനുള്ളിൽ ഒമ്പത് ഘട്ടങ്ങളിലായി പുലർച്ചെ ഒന്നരയോടെ എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചതോടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കമായെന്നാണ് ദൗത്യ വിജയത്തിനുപിറകെ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അഭിപ്രായപ്പെട്ടത്.

ചരിത്ര നിമിഷമാണിതെന്ന് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി. രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ചു. 36 ഉപഗ്രഹങ്ങളുടെ വിജയകരമായ വിന്യാസം സ്ഥിരീകരിച്ച വൺവെബ് സിഗ്നൽ ലഭിച്ചതായും അറിയിച്ചു.

ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ (എൻ.എസ്.ഐ.എൽ)യുടെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം. ലണ്ടൻ ആസ്ഥാനമായ സാറ്റലൈറ്റ് കമ്പനിയായ വൺ വെബുമായുള്ള ആദ്യ വാണിജ്യ കരാറിന്റെ ഭാഗമായാണ് വിക്ഷേപണം.

എൻ.എസ്.ഐ.എല്ലിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വാണിജ്യ കരാറാണിത്. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺ വെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 150 കിലോ വീതം ഭാരമുള്ളതാണ് ഓരോ ഉപഗ്രഹവും.

ഇതുവരെ പി.എസ്.എൽ.വി റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള വാണിജ്യ വിക്ഷേപങ്ങള്‍ മാത്രമെ ഐ.എസ്.ആർ.ഒ നടത്തിയിരുന്നുള്ളൂ. ബാഹുബലി, ഫാറ്റ്ബോയ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കരുത്തേറിയ ജി.എസ്.എൽ.വി റോക്കറ്റ് ആദ്യമായാണ് വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.

ജി.എസ്.എൽ.വി മാർക്ക്-3 യുടെ രണ്ടാമത്തെ വിക്ഷേപണവുമായിരുന്നു. 143 അടി ഉയരമുള്ള ഇതിന് കൂടുതൽ ഭാരം ഭ്രമണപഥങ്ങളിലെത്തിക്കാൻ ശേഷിയുണ്ട്. മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന് 8,000 കിലോ പേലോഡ് താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും 4,000 കിലോ വിദൂര ഭൂസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാൻ കഴിയും.

ഭൂമിക്കടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് എൽ.വി.എം -3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) എന്ന പേരിലാണ് ജി.എസ്.എൽ.വി മാർക്ക്-3 ഈ ദൗത്യത്തിൽ അറിയപ്പെടുന്നത്. സമ്പൂർണ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് യാഥാർഥ്യമാക്കിയ എൽ.വി.എം3 റോക്കറ്റ് ചാന്ദ്രയാൻ-2 അടക്കം നാല് വിജയകരമായ ദൗത്യങ്ങളാണ് നടത്തിയത്.

യുക്രെയ്‌ൻ യുദ്ധവും റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളും കാരണം ഉപഗ്രഹ വിക്ഷേപണത്തിന് വൺ വെബ്, ഫ്രഞ്ച് കമ്പനിയായ ആരിയൻ സ്പേസിന്റെ നേതൃത്വത്തിലെ റഷ്യൻ സോയൂസ് റോക്കറ്റുകളുടെ ഉപയോഗം നിർത്തിവെക്കാനും ഐ.എസ്.ആർ.ഒയുടെ സേവനം ഉപയോഗിക്കാനും തീരുമാനിക്കുകയുമായിരുന്നു.

മാർച്ച് മുതൽ കസഖ്സ്താനിലെ റഷ്യയുടെ ബൈക്കന്നൂർ കോസ്‌മോഡ്രോമിൽ നിന്നുള്ള എല്ലാ വിക്ഷേപണങ്ങളും കമ്പനി താൽക്കാലികമായി നിർത്തിയിരുന്നു. വൺ വെബിന്റെ ഉപഗ്രഹനിർമാണം യു.എസിലാണ്. ഫ്ലോറിഡയില്‍നിന്ന് പ്രത്യേക ചരക്കുവിമാനങ്ങളിൽ ചെന്നൈയിലും അവിടെനിന്ന് റോഡുമാര്‍ഗം ശ്രീഹരിക്കോട്ടയിലും എത്തിക്കുകയായിരുന്നു.

2023നകം 648 ഉപഗ്രഹങ്ങളുമായി ആഗോള അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് സേവനം കൊണ്ടുവരുകയാണ് വൺ വെബിന്റെ ലക്ഷ്യം. 2023 ജനുവരിയിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി ഐ.എസ്.ആർ.ഒ വിക്ഷേപിക്കും.

ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയായ വൺ വെബിന്റെ 14ാമത്തെ വിക്ഷേപണമാണിത്. ഇതോടെ ഉപഗ്രഹങ്ങളുടെ എണ്ണം 462 ആയി. ആഗോളതലത്തിൽ 13 വിക്ഷേപണങ്ങളിലൂടെ 426 ഉപഗ്രഹങ്ങൾ നേരത്തേ ബഹിരാകാശത്തെത്തിച്ചിരുന്നു. അലാസ്ക, കാനഡ, യു.കെ എന്നിവിടങ്ങളിൽ വൺ വെബ് ഇന്‍റ‍ര്‍നെറ്റ് സേവനങ്ങൾ ലഭ്യമാണ്. വൈകാതെ ഇന്ത്യയിലും സേവനം ലഭ്യമാക്കിയേക്കും.

ദൗത്യം ചരിത്രം -എസ്. സോമനാഥ്

ദൗത്യം രാജ്യത്തിനും ഇന്ത്യൻ ബഹിരാകാശ പരിപാടിക്കും ചരിത്രമാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. എൽ.വി.എം 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണമാണിത്. എൽ.വി.എം 3യിലൂടെ നാല് ടൺ പേലോഡുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയാണ്.

ഭൂമിക്കടുത്ത ഭ്രമണപഥത്തിലാണെങ്കിൽ ആറ് ടൺ പേലോഡുകൾ വിക്ഷേപിക്കാം. ഒമ്പത് ഘട്ടങ്ങളിലായി 36 ഉപഗ്രഹങ്ങൾ കൃത്യതയോടെ വിക്ഷേപിക്കുകയെന്ന പ്രതീക്ഷകൾ നിറവേറ്റുക നിർണായകമാണ്.

ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്.ഐ.എൽ ഈ കരാറിൽ ഏർപ്പെടുകയും റെക്കോഡ് സമയത്തിനുള്ളിൽ ഇത് നടപ്പാക്കുകയും ചെയ്തു. ഇത് ഭാവിയിൽ കൂടുതൽ വിക്ഷേപണങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - OneWeb mission success-India steps into commercial satellite launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.