ലഖ്നോ: പ്രചാരണം കനക്കുമ്പോൾ, ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ സമാജ്വാദി പാർട്ടിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്. അതേസമയം, മഹാസംസ്ഥാനത്ത് തങ്ങളെ അങ്ങനെ തള്ളിക്കളയാനാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബഹുജൻ സമാജ്വാദി പാർട്ടി. സ്ത്രീ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് പ്രിയങ്ക ഗാന്ധി നയിക്കുന്ന കോൺഗ്രസിനും പ്രതീക്ഷകൾക്കു പഞ്ഞമില്ല.
എസ്.പിയെ മുഖ്യ എതിരാളിയായി കണ്ടുള്ള പ്രസ്താവനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ള ബി.ജെ.പി നേതാക്കൾ നടത്തുന്നത്. വികസനത്തിന്റെ മേൽക്കുപ്പായമിട്ടിട്ടുണ്ടെങ്കിലും വിഭാഗീയതതന്നെയാണ് ഇത്തവണയും സംസ്ഥാനത്ത് ബി.ജെ.പിയുടെ തുറുപ്പുശീട്ട്. 35 വർഷമായി ഭരണത്തുടർച്ച ഉണ്ടായിട്ടില്ലാത്ത യു.പിയിൽ ചില പിന്നാക്ക സമുദായ പാർട്ടികളെ കൂട്ടുപിടിച്ച് തുടർഭരണം സാധ്യമാക്കാമെന്നാണ് ഹിന്ദുത്വപാർട്ടിയുടെ പ്രതീക്ഷ. അപ്നാദൾ (സോനേലാൽ), നിഷാദ് പാർട്ടി എന്നിവരെയാണ് ബി.ജെ.പി ഒപ്പംകൂട്ടിയത്.
അതേസമയം, തന്ത്രങ്ങളിൽ ഒട്ടും പിന്നോട്ടുപോകാതെ മഴവിൽമുന്നണി സൃഷ്ടിച്ചാണ് ബി.ജെ.പിയുടെ വൻകരുത്തിനു മുന്നിൽ എസ്.പിയുടെ വെല്ലുവിളി. ബി.ജെ.പി മുൻ സഖ്യകക്ഷിയായ ഓംപ്രകാശ് രാജ്ഭറിന്റെ സുഹൽദേവ് ഭാരതീയ സമാജ്പാർട്ടി, രാഷ്ട്രീയ ലോക്ദൾ, അഖിലേഷിന്റെ അമ്മാവൻ ശിവ്പാൽ യാദവ് നയിക്കുന്ന പ്രകൃതിശീൽ സമാജ്വാദി പാർട്ടി (ലോഹ്യ) എന്നിവയെല്ലാം എസ്.പിക്കൊപ്പമാണ് ഇത്തവണ. 40 ശതമാനം സീറ്റുകൾ വനിതകൾക്കു നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ജാതി-സാമുദായിക കണക്കുകൂട്ടലുകൾ തെറ്റിച്ച് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പ്രിയങ്ക ഗാന്ധിയും കോൺഗ്രസും. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ റായ്ബറേലിയിലെയും രാഹുൽ ഗാന്ധിയെ കൈവിട്ട അമേത്തിയിലെയും നിയമസഭ സീറ്റുകളിലെങ്കിലും ജയിക്കൽ പാർട്ടിക്ക് പ്രധാനമാണ്.
നേരിട്ടുള്ള പ്രചാരണരംഗത്തോ ഡിജിറ്റൽ പ്രചാരണത്തിലോ സജീവമല്ലെങ്കിലും 20 ശതമാനം വരുന്ന ദലിത് സമൂഹത്തിലെ ബി.എസ്.പി വോട്ടുവിഹിതം നഷ്ടമാവില്ലെന്നാണ് മായാവതിയുടെ വിശ്വാസം. 403 അംഗ നിയമസഭയിൽ 86 സീറ്റുകൾ പട്ടികജാതി പട്ടികവർഗ സംവരണമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന യു.പി തെരഞ്ഞെടുപ്പിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ശ്രമിക്കുന്നത്.
ജൂലൈയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സീറ്റുവിഹിതം ബി.ജെ.പിക്കും മറ്റു പാർട്ടികൾക്കും പ്രധാനമാണ്. അഖിലേഷ് യാദവിനു പിന്തുണ നൽകാനാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. സി.പി.എമ്മും സമാജ്വാദി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റുള്ളവരുടേത് പ്രതീക്ഷകൾ മാത്രമാണെന്നും 2017ലെ 325 എന്ന സീറ്റുനില വർധിപ്പിച്ച് തങ്ങൾ അധികാരത്തിൽ തിരിച്ചുവരുമെന്നാണ് ബി.ജെ.പി വക്താവ് മനീഷ് ശുക്ലയുടെ അവകാശവാദം. എന്നാൽ, സാഹചര്യം മാറിയെന്നും ഒട്ടേറെ കാരണങ്ങളാൽ വോട്ടർമാർ അസംതൃപ്തരാണെന്നും എസ്.പി നേതാവ് അശുതോഷ് സിൻഹ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.