ന്യുഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധനയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശനിയാഴ്ച ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു. ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് സിലിണ്ടറിന് വില വർധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 22ന് 50 രൂപയും 2021 ഒക്ടോബർ ആറിന് 15 രൂപയും കൂട്ടിയിരുന്നു. 2021 ജനുവരി മുതൽ ഒക്ടോബർ വരെ 13 തവണയായി 255.50 രൂപയാണ് വർധിപ്പിച്ചത്.
ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായി ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഇത് പാർട്ടിയുടെ സാമ്പത്തിക നയത്തിന്റെ കാതലാണെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് വീടുകൾ കടുത്ത പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും മോശം ഭരണത്തിനുമെതിരായ പോരാട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള പാചക വാതകവിലയെയും ബി.ജെ.പിയുടെ കാലത്തുള്ള പാചകവാതക വിലയെയും താരത്മ്യം ചെയ്ത് അന്നത്തെ രണ്ട് സിലിണ്ടറുകൾ ഇന്ന് ഒന്നിന്‍റെ വിലക്കാണ് ലഭിക്കുന്നതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. സാധാരണക്കാരനെ സംരക്ഷിക്കാൻ കോൺഗ്രസ് സ്ഥാപിച്ച സുരക്ഷാവലകളെല്ലാം മോദി സർക്കാർ എടുത്തുകളഞ്ഞെന്നും ഇങ്ങനെ സംഭവിക്കാൻ കോൺഗ്രസ് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
യുക്രെയ്ന്‍ അധിനിവേശം പോലുള്ള പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂടുന്നത് പാചകവാതക വിലയിലും പ്രതിഫലിക്കുന്നുവെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.