അഗർത്തല: ഉനാകോടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്പ് റാലിയിൽ സംസാരിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ കടുത്ത വിര്‍ശനങ്ങളാണ് നടത്തിത്. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനേ ത്രിപുരയെ രക്ഷിക്കാൻ കഴിയൂ. കോൺഗ്രസ്, സിപിഎം, തിപ്രമോത്ത എന്നീ മൂന്ന് ഭീഷണികളാണ് ത്രിപുരയിപ്പോൾ നേരിടുന്നത്. ഇതില്‍ നിന്നും ത്രിപുരയെ രക്ഷിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനുമാത്രമേ കഴിയൂവെന്ന് അമിത് ഷാ പറഞ്ഞു.
ത്രിപുരയിലെ ഗോത്രവർഗത്തെ കാലങ്ങളോളം വഞ്ചിച്ച പാർട്ടിയാണ് സി.പി.എമ്മെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഒരു ജനതയെ വഞ്ചിച്ച സി.പി.എം ഇപ്പോൾ ഗോത്രവർഗത്തിലുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണിച്ച് ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ത്രിപുരയുടെ സമഗ്രവികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചതെന്നും അമിത്ഷാ പറഞ്ഞു
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിലൂടെ ത്രിപുരയില്‍ സി.പി.എം തോൽവി അംഗീകരിച്ചു കഴിഞ്ഞുവെന്നും അമിത്ഷാ പറഞ്ഞു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സി.പി.എമ്മിനാകില്ല. അതിനവര്‍ കോണ്‍ഗ്രസുമായി കൂട്ടു കൂടി. തങ്ങളുടെ ഒട്ടേറെ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ള സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് ലജ്ജിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സി.പി.എം കോണ്‍ഗ്രസ് തിപ്ര മോത സഖ്യത്തിന് വോട്ടു ചെയ്യുന്നത് `ജംഗിള്‍ രാജ്' തിരിച്ചു വരുന്നതിനേ വഴിയൊരുക്കുവെന്നും അമിത്ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.