ന്യൂഡൽഹി: ഇന്ത്യയിൽ ചുരുങ്ങിയത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 31 കോടി കവിഞ്ഞു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 61.19 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു. അതേസമയം, 130 കോടിയിൽപരം വരുന്ന ജനങ്ങളിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർ 5.50 കോടി മാത്രം. ആരോഗ്യ, മുൻനിര പ്രവർത്തകർ അടക്കമാണിത്.
18നും 44നും ഇടയിലുള്ള 7.91 കോടി പേർക്ക് ആദ്യ ഡോസും 17.15 ലക്ഷം പേർക്ക് രണ്ടാമത്തെ ഡോസും നൽകി. 45-59 പ്രായപരിധിയിലുള്ളവരുടെ കാര്യത്തിൽ ആദ്യ ഡോസ് ലഭിച്ചവർ 8.59 കോടി; രണ്ടു ഡോസും കിട്ടിയവർ 1.40 കോടി. 60നു മേൽ പ്രായമുള്ളവരിൽ രണ്ടു ഡോസും ലഭിച്ചവർ 2.29 കോടിയാണ്. ആദ്യഡോസ് മാത്രം കിട്ടിയവർ 6.71 കോടി.
കഴിഞ്ഞ ഒരു ദിവസത്തെ പുതിയ കോവിഡ് ബാധിതർ 48,698. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 5.95 ലക്ഷമായി ചുരുങ്ങി. 86 ദിവസത്തിനിടയിൽ ഇതാദ്യമാണ് ആറു ലക്ഷത്തിന് താഴേക്ക് ഈ കണക്ക് വരുന്നത്. പുതിയ വൈറസ് ബാധിതരേക്കാൾ കോവിഡ് മുക്തരായവരുടെ എണ്ണവും 44 ദിവസമായി ഉയർന്നു നിൽക്കുന്നു. 96.72 ശതമാനം പേരും സുഖപ്പെടുന്നു. ദേശീയ ശരാശരി പ്രകാരം പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.79 മാത്രം; തുടർച്ചയായ 19 ദിവസവും അഞ്ചു ശതമാനത്തിൽ താഴെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.