ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട്. ഇന്നലെ 29 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണിത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയെക്കാൾ 5.2 ഡിഗ്രി കൂടുതലാണിത്. 1993, 1995, 1996 വർഷങ്ങളിൽ 28.5 ഡിഗ്രി വരെ ഉയർന്നിരുന്നു. കഴിഞ്ഞ വര്‍ഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയര്‍ന്ന താപനില. സാധാരണ ഈ കാലയളവില്‍ ഊട്ടിയില്‍ 20 മുതല്‍ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. 1951 നു ശേഷം ആദ്യമായാണ് ഊട്ടിയിൽ ഇത്ര ചൂട് അനുഭവപ്പെടുന്നത്. കാരറ്റ്, മുള്ളങ്കി, ഉരുളക്കിഴങ്ങ്, കാബേജ്, തേയില തുടങ്ങിയവയേയും ചൂട് സാരമായി ബാധിച്ചിട്ടുണ്ട്.
ചൂട് കൂടിയെങ്കിലും വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഊട്ടി പുഷ്പോത്സവം മേയ് 10 മുതല്‍ 20 വരെയാണ്. ഇതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികള്‍ കൂടും. മേയ് ഒന്നുമുതല്‍ തിരക്ക് നിയന്ത്രിക്കാനായി ഊട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോഡ്ജുകള്‍ രണ്ടും മൂന്നും ഇരട്ടിയാണ് നിരക്ക് ഈടാക്കുന്നത്. കടുത്ത കുടിവെള്ളക്ഷാമം മൂലം ടാങ്കര്‍ ലോറിയിലെത്തിക്കുന്ന വെള്ളത്തെയാണ് ഹോട്ടലുകളും മറ്റും ആശ്രയിക്കുന്നത്.
അതേസമയം തമിഴ്‌നാട്ടിൽ ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് അടുത്ത അഞ്ച് ദിവസത്തേക്ക് ശമനമുണ്ടാകില്ലെന്നാണ് മേഖലാ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. ഉൾനാടൻ ജില്ലകളിൽ പലയിടത്തും സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് ചൂട്. ഏഴ് സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില. ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് മേയ് ഏഴ് മുതൽ ഇ–പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാരോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഊട്ടിയിൽ ദിവസേന 1,300 വലിയ വാഹനങ്ങൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നത് പരിസ്ഥിതിക്കും പ്രദേശവാസികൾക്കും മൃഗങ്ങൾക്കും ദോഷകരമാണെന്നു കോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.