ന്യൂഡൽഹി: ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ)ത്തിന് കാർക്കശ്യം കൂട്ടുന്ന ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കിയേക്കും. അതേസമയം, അന്വേഷണ ഏജൻസികൾക്ക് അമിതാധികാരം നൽകുന്നത് കടുത്ത ദുരുപയോഗത്തിലേക്കു നയിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നിയമഭേദഗതിയെ എതിർത്തു. സംഘടനകൾക്കു പുറമെ വ്യക്തികളെയും ഭീകരതയുടെ പേരിൽ കരിമ്പട്ടികയിൽപെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എക്കും സർക്കാറിനും വിപുലാധികാരം നൽകുന്നതാണ് നിയമഭേദഗതി ബിൽ.
ഭീകരപ്രവർത്തനത്തിെൻറ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിെൻറ സഹായമോ ഇടപെടലോ കൂടാതെതന്നെ എൻ.െഎ.എക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളിൽ അന്വേഷണ അധികാരം െഡപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇൻസ്പെക്ടർമാർക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബിൽ. കർക്കശ നിയമമാണ് പ്രശ്നങ്ങൾക്കു പരിഹാരമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് ചർച്ചയിൽ സംസാരിച്ച കോൺഗ്രസിലെ മനീഷ് തിവാരി സർക്കാറിനെ ഒാർമിപ്പിച്ചു.
ടാഡ, പോട്ട നിയമങ്ങളുടെ ചരിത്രം അതാണ്. ദുരുപയോഗം മുൻനിർത്തിയാണ് ഇൗ നിയമങ്ങൾ പിൻവലിച്ചത്. ടാഡ, പോട്ട നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാമമാത്രം പേരാണ് ശിക്ഷിക്കപ്പെട്ടതെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. സൈബർ കുറ്റങ്ങളും ഇനി എൻ.െഎ.എക്ക് അന്വേഷിക്കാമെന്നു വരുന്നു. എന്നാൽ, സൈബർ കുറ്റങ്ങളിൽ ഏതൊക്കെയാണ് ഭീകരതയുമായി ബന്ധപ്പെടുത്തുന്നത് എന്നു വ്യക്തമല്ല. ഏതു വ്യക്തിയെയും കുരുക്കാൻ അന്വേഷണ ഏജൻസിക്ക് സാധിക്കുന്ന നിലയാണെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ഭീകരതയുടെ കാര്യത്തിൽ സർക്കാറിന് വിട്ടുവീഴ്ചയില്ലെന്നും സുരക്ഷാസേനകൾക്ക് സ്വതന്ത്രമായ പ്രവർത്തനാധികാരം നൽകിയത് ഫലംചെയ്യുന്നുണ്ടെന്നുമാണ് ബില്ലിൽ ചർച്ച ആരംഭിച്ചപ്പോൾ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വിശദീകരിച്ചത്.
സംസ്ഥാന സർക്കാറുകളുടെ അനുമതി കൂടാതെ അറസ്റ്റും സ്വത്ത് കണ്ടുകെട്ടലും നടത്താൻ എൻ.െഎ.എക്ക് അധികാരം നൽകുന്നത് ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് വൈ.എസ്.ആർ കോൺഗ്രസിലെ കെ.ജി. മാധവ് റെഡ്ഡി പറഞ്ഞു. ചർച്ച ബുധനാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.