ഇംഫാൽ: അക്രമം രൂക്ഷമായ മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രതിപക്ഷ മഹാസഖ്യം - ഇന്ത്യ - യുടെ 21 അംഗ പ്രതിനിധി സംഘം ഇംഫാലിൽ എത്തി. മണിപ്പൂരിലെ ജനങ്ങളെയും അവരുടെ ആശങ്കകളെയും പ്രതിനിധീകരിക്കാനാണ് ഞങ്ങൾ വന്നതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ സംഘർഷങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള അഞ്ച് എം.പിമാർ ഉൾപ്പെടെ 16 പാർട്ടികളിൽ നിന്നുള്ള 21 അംഗ സംഘമാണ് മണിപ്പൂരിലെത്തിയത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ചുരചന്ദ് പൂരിലെ കുകി വിഭാഗത്തിന്റെ ക്യാമ്പും ബിഷ്ണു പൂരിൽ മെയ് തെയ് കാമ്പും സംഘം സന്ദർശിച്ച് കലാപബാധിതരുമായി സംസാരിക്കും. മണിപ്പൂർ ഗവർണർ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തുമെന്നും രാഷ്ട്രീയ വിഷയമാക്കാനല്ല, ജനങ്ങളുടെ വേദന അറിയാനാണ് മണിപ്പൂർ സന്ദർശനമെന്നും കോൺഗ്രസ് നേതാവ് അതിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണ് പ്രതിപക്ഷ പ്രതിനിധി സംഘത്തിന്റെ മണിപ്പൂർ സന്ദർശനം. കേരളത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ. റഹീം, പി. സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എം.പിമാരായ അതിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയി, രാജീവ് രഞ്ജൻ ലാലൻസിംഗ്, സുഷ്മിത ദേവ്, കനിമൊഴി കരുണാനിധി, പ്രഫ. മനോജ്കുമാർ ജാ, ജാവേദ് അലിഖാൻ, മഹുവാ മാജി, പി.പി മുഹമ്മദ് ഫൈസൽ, അനീൽ പ്രസാദ് ഹെഗ്‌ഡെ, സുഷീൽ ഗുപ്ത, അരവിന്ദ് സ്വാന്ദ്, ഡി രവികുമാർ, തിരുതോൽ തിരുമാൾവൻ, ജയന്ത് സിംഗ്, പൗലോ ദേവിനിതം എന്നിവരാണ് സംഘത്തിലുള്ളത്.
കഴിഞ്ഞ മെയ് മൂന്ന് മുതലാണ് മണിപ്പൂരില്‍ കുക്കികളും ഭൂരിപക്ഷം വരുന്ന മെയ്‌തേയ് സമുദായങ്ങളും തമ്മിലുള്ള വംശീയ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മണിപ്പൂരില്‍ വ്യാപകമായ അക്രമ സംഭവങ്ങളും തീവെപ്പും രൂക്ഷമായിരുന്നു. കലാപത്തില്‍ 180ലേറെപ്പേർ കൊല്ലപ്പെടുകയും 60,000-ത്തോളം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ജൂലൈ 19 ന് രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വീണ്ടും ലോകതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.