ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കുകയെന്ന പൊതുലക്ഷ്യവുമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കൾ വെള്ളിയാഴ്ച പട്നയിൽ സമ്മേളിക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ നടക്കുന്ന യോഗത്തിൽ ഇരുപതോളം പാർട്ടികളെ നയിക്കുന്നവരാണ് പങ്കെടുക്കുക. ബി.ജെ.പിയെ നേരിടുന്നതിന് വരുംമാസങ്ങളിൽ സ്വീകരിക്കേണ്ട പൊതുനിലപാട് യോഗം ചർച്ച ചെയ്യും.
പ്രാദേശികമായ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി തുടങ്ങിയവയുടെ പ്രധാന നേതാക്കൾ ഒരു വേദിയിൽ വരുന്നതാണ് യോഗത്തിന്റെ പ്രത്യേകത.
പ്രതിപക്ഷ നേതൃയോഗങ്ങൾ പല ഘട്ടങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ, അഖിലേഷ് യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ, ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ ഒന്നിച്ചുവരുന്നത് ഇതാദ്യം.
ഇവർക്കിടയിലെ വ്യത്യസ്ത താൽപര്യങ്ങൾ പ്രതിപക്ഷ ഐക്യത്തെ ബാധിക്കാതിരിക്കാൻ നിതീഷ് കുമാർ, ശരദ് പവാർ എന്നിവർക്ക് യോഗത്തിൽ മധ്യസ്ഥ റോൾ കൂടിയുണ്ട്.
മോദിസർക്കാറിന്റെ പ്രതികാര-ഉന്മൂലന രാഷ്ട്രീയം ഇനിയും വെച്ചുപൊറുപ്പിക്കാൻ പറ്റില്ലെന്ന പൊതുചിന്തയാണ് പ്രതിപക്ഷ നിരയിൽ ഉള്ളതെന്നിരിക്കെ, കൂട്ടായ നീക്കത്തിനുള്ള തുടർനടപടികൾ യോഗം രൂപപ്പെടുത്തും. അതേസമയം, പട്ന യോഗത്തിൽനിന്ന് ഭാരത് രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു, ബി.എസ്.പി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ മായാവതി എന്നിവർ വിട്ടുനിൽക്കുകയാണ്.
ഉരസലുകളുടെ അകമ്പടിയോടെയാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ പട്നയിൽ എത്തുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് സംസ്ഥാന ഘടകം തുറന്ന പോരിലാണ്. പി.സി.സി അധ്യക്ഷനും ലോക്സഭയിലെ പാർട്ടി നേതാവുമായ അധിർ രഞ്ജൻ ചൗധരി മുർഷിദാബാദിൽ തൃണമൂൽ സർക്കാറിനെതിരെ ഉപവാസ ധർണ നടത്തുകയുമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻപോലും സമ്മതിക്കാതെ കോൺഗ്രസ് പ്രവർത്തകരെ തൃണമൂൽ വേട്ടയാടുന്നുവെന്ന് കുറ്റപ്പെടുത്തി ഗവർണർ സി.വി. ആനന്ദബോസിന് അദ്ദേഹം കത്തുനൽകിയത് മമത ബാനർജി അടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
സി.പി.എമ്മും കോൺഗ്രസും സഖ്യമുണ്ടാക്കി തൃണമൂലിനെ നേരിടാനാണ് പുറപ്പാടെങ്കിൽ പ്രതിപക്ഷ സഖ്യം പശ്ചിമ ബംഗാളിൽ നടപ്പില്ലെന്ന മുന്നറിയിപ്പാണ് മമത പ്രതിപക്ഷ യോഗത്തിനുമുമ്പേ നൽകിയിട്ടുള്ളത്. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയന്ത്രണാധികാരം കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാക്കാൻ കൊണ്ടുവന്ന വിവാദ ഓർഡിനൻസിനെതിരായ പൊതുനിലപാട് പട്ന യോഗം പ്രഖ്യാപിക്കണമെന്ന ആവശ്യം ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
ആപ്പിനെ പിന്തുണക്കുന്നതിനോട് ഡൽഹി കോൺഗ്രസ് ഘടകം കടുത്ത നീരസം പ്രകടിപ്പിക്കുന്നതിനിടയിൽ തന്നെയാണിത്. ഓർഡിനൻസ് വിഷയം പ്രതിപക്ഷ ഐക്യത്തിന് തടസ്സമാകില്ലെന്ന സൂചന ഇതിനിടെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.