ന്യൂഡൽഹി: പാർലമെൻറിനുള്ളിൽ പ്രതിഷേധം തീർത്ത് ഇരുസഭകളും സ്തംഭിപ്പിച്ച പ്രതിപക്ഷ എം.പിമാർ, ജന്തർ മന്തറിലെ കർഷക പാർലമെൻറിനെത്തി പിന്തുണ അറിയിച്ചു. കർഷക സമരം മൂന്നാഴ്ച പൂർത്തിയാക്കിയതിനിടയിലാണ് പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചെത്തിയത്.
അതിനിടെ, പാർലമെൻറിെൻറ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കുമിടയിൽ നികുതി നിയമ ഭേദഗതി ബിൽ അടക്കം ബില്ലുകൾ സർക്കാർ പാസാക്കി. മൂന്ന് വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യെപ്പട്ട് അതിർത്തിയിൽ തുടരുന്ന സമരമാണ് കർഷകർ ജന്തർ മന്തറിലേക്ക് വ്യാപിപ്പിച്ചത്. ഇതാദ്യമായാണ് സംയുക്ത പ്രതിപക്ഷം സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. രാവിലെ സഭ സമ്മേളിക്കും മുമ്പ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഒാഫിസിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, അംബിക സോണി, ഗൗരവ് ഗൊഗോയി, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ഡി.എം.കെയുടെ തിരുച്ചി ശിവ , എളമരം കരീം(സി.പി.എം), ബിനോയ് വിശ്വം (സി.പി.െഎ), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്) എന്നിവരുടെ നേതൃത്വത്തിൽ റകബ്ഗഞ്ച് ഗുരുദ്വാരക്ക് അടുത്തു നിന്ന് ബസ് കയറിയാണ് ജന്തർ മന്തറിലെത്തിയത്.
അതേസമയം തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബി.എസ്.പി കക്ഷികൾ സമരസ്ഥലത്ത് എത്തിയില്ല. അതിനിടെ, പെഗസസ് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു നൽകിയ അടിയന്തര പ്രമേയങ്ങൾക്ക് ലോക്സഭ സ്പീക്കറും രാജ്യസഭ െചയർമാനും അനുമതി നൽകിയില്ല. പതിവിൽ നിന്ന് വിപരീതമായി ഇരുസഭകളും ഉച്ചയോടെ തന്നെ നടപടികൾ നിർത്തിവെച്ച് തിങ്കളാഴ്ച വരെ പിരിഞ്ഞു.
രാജ്യസഭയിൽ ഏതാനും പേർക്ക് സംസാരിക്കാൻ അധ്യക്ഷൻ അനുമതി നൽകിയെങ്കിലും പ്രതിപക്ഷ മുദ്രാവാക്യം ഉച്ചത്തിലായതോടെ 12 മണി വരെ അവിടേയും സഭ നിർത്തിവെച്ചു. 12 മണിക്ക് ഇരുസഭകളും വീണ്ടും ചേർന്നപ്പോഴും മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും തുടർന്നു. രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പങ്കുേചർന്നു.
1961ലെ ആദായ നികുതി നിയമവും 2012ലെ ധനകാര്യ നിയമവും ഭേദഗതി ചെയ്യുന്ന ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. വ്യാഴാഴ്ചയും ബഹളത്തിനിടയിൽ നിയമനിർമാണം നടത്തിയ കേന്ദ്ര സർക്കാർ രണ്ട് ബില്ലുകൾ ലോക്സഭയിലും മൂന്ന് ബില്ലുകൾ രാജ്യസഭയിലും പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.