ന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമത്തെ ബി.ജെ.പി രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടക്കാന്‍ ഉപയോഗിക്കുന്നതിനിടെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. വംശീയാതിക്രമത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷസംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് കനിമൊഴി, ആര്.ജെ.ഡി നേതാവ് മനോജ് കുമാര്‍ ഝാ എന്നിവരടങ്ങുന്ന പ്രതിപക്ഷ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഡല്‍ഹി പൊലീസിെൻറ പ്രത്യേക അന്വേഷണസംഘത്തെ കുറിച്ച് ഇതിനകം ഉയര്‍ന്ന നിരവധി ആക്ഷേപങ്ങളും ആശങ്കകളും പ്രതിപക്ഷം രാഷ്ട്രപതിയുമായി പങ്കുവെച്ചു.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വംശീയാതിക്രമ വേളയില്‍തന്നെ ഡല്‍ഹി പൊലീസിെൻറ പങ്കിനെ കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെന്ന് പ്രതിപക്ഷം സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി വംശീയാതിക്രമത്തില്‍ ഡല്‍ഹി പൊലീസ് വഹിച്ച പങ്ക് നിവേദനത്തില്‍ വിശദീകരിച്ചു. 23കാരനായ ഫൈസാനും മൂന്ന് കൂട്ടുകാരും ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവരെ കൊണ്ട് യൂനിഫോമിട്ട പൊലീസ് ദേശീയഗാനം ചൊല്ലിക്കുന്നതിെൻറ വിഡിയോ പുറത്തുവന്നതാണ്. ഒരു ദിവസം കഴിഞ്ഞ് ഫൈസാന്‍ മരണത്തിന് കീഴടങ്ങി.
മറ്റൊരു സംഭവത്തില്‍ പൗരത്വസമരക്കാര്ക്ക് നേരെ അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കൊപ്പം ജില്ല പൊലീസ് കമീഷണര്‍ നില്ക്കുന്നതു കണ്ടു. ഡല്‍ഹി വംശീയാതിക്രമം തുടങ്ങുന്നതിെൻറ തലേന്നായിരുന്നു ഇത്. നിരവധി പേരുടെ പരാതികളുണ്ടായിട്ടും കപില്‍ മിശ്രക്കെതിരെ എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഖാലിദ് സൈഫിയെന്ന ആക്ടിവിസ്റ്റ് ജയിലില്‍ ക്രൂരമര്‍ദനത്തിനിരയായി കാലുകള്‍ ഒടിഞ്ഞനിലയിലാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കപ്പെട്ടത്. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, ഡല്‍ഹി എം.പി പര്‍വേഷ് വര്‍മ, സത്യപാല്‍ സിങ്, നന്ദ് കിഷോര്‍ ഗുജ്ജാര്‍, ജഗദീഷ് പ്രധാന്, മോഹന്‍ സിങ് ബിഷ്ട് എന്നിവരുടെ പേരുകള്‍ നിരവധി പരാതികളിലുണ്ടായിട്ടും അവര്‍ക്കെതിരെ ഒരു നടപടിക്കും ഡല്‍ഹി പൊലീസ് മുതിര്‍ന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.