ധൻബാദ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങൾ കോൺഗ്രസിെൻറ അബദ്ധങ്ങളിൽ ചാടില്ലെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. ഝാർഖണ്ഡിലെ ധൻബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി ബിൽ അസമിെൻറയോ മറ്റ് സംസ്ഥനങ്ങളുടേയോ പാരമ്പര്യം, സംസ്കാരം, ഭാഷ എന്നിങ്ങനെയുള്ള ഒന്നിനെയും ബാധിക്കില്ല. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിെൻറ പ്രസ്താവനകൾ കേട്ട് തെറ്റിദ്ധരിക്കപ്പെടരുത്. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ഒന്നും ചെയ്തില്ല. അവർ ഈ സംസ്ഥാനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്. കോൺഗ്രസും സഖ്യകക്ഷികളും അനധികൃത കുടിയേറ്റക്കാരെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്നും മോദി വിമർശിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലമെൻറിൽ കോൺഗ്രസ് ശക്തമായി ശബ്ദമുയർത്തിയിരുന്നു. ബിൽ പാസാക്കിയതിനെതിരെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിപടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.