ചെന്നൈ: അണ്ണാഡി.എം.കെയിലെ കൊട്ടിഘോഷിക്കപ്പെട്ട പുനരൈക്യ ശ്രമങ്ങൾ അവസാനിച്ചു; ഇരുവിഭാഗവും സ്വന്തം രാഷ്ട്രീയതട്ടകം ബലപ്പെടുത്താൻ ജനങ്ങളിലേക്കിറങ്ങി. വിമതവിഭാഗമായ അണ്ണാഡി.എം.കെ പുരട്ച്ചി തലൈവി അമ്മ വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പന്നീർസെൽവം പ്രവർത്തകരെ കാണാനായി സംസ്ഥാനതല പര്യടനം തുടങ്ങി. മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച യാത്ര പുനരൈക്യ ചർച്ചകളിൽ തട്ടി നീണ്ടുപോവുകയായിരുന്നു. ചെന്നൈ നഗരപ്രാന്തത്തിലെ കൊട്ടിവാക്കത്തുനിന്നാണ് വെള്ളിയാഴ്ച വൈകീേട്ടാടെ യാത്രക്ക് തുടക്കംകുറിച്ചത്. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ശശികലയും ദിനകരനും ഉൾപ്പെട്ട
മന്നാർഗുഡി സംഘത്തിെൻറ നിയന്ത്രണത്തിലുള്ള അണ്ണാഡി.എം.കെ അമ്മ വിഭാഗത്തെയും എടപ്പാടി കെ. പളനിസാമി സർക്കാറിെനയും തുറന്നുകാണിക്കാനും ജനപിന്തുണ വർധിപ്പിക്കാനുമാണ് ഒ.പി.എസ് ലക്ഷ്യമിടുന്നത്. പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം.ജി. രാമചന്ദ്രെൻറ 100ാം ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദർഭത്തിൽ തമിഴ്നാടിെൻറ മുക്കിലും മൂലയിലും കടന്നുചെന്നു യഥാർഥ പാർട്ടി പിൻഗാമികളാണ് തങ്ങളെന്ന് ഒ.പി.എസ് ടീം അവകാശപ്പെടും. ശശികലയെയും കുടുംബത്തെയും നേർക്കുനേർ ആക്രമിക്കുന്നതിൽ മൂർച്ചകൂട്ടും. അതേസമയം, വിമതരുടെ ആരോപണങ്ങളെ നേരിടാൻ ഒൗദ്യോഗികവിഭാഗവും കരുക്കൾ നീക്കുന്നുണ്ട്. ശശികലയെയും കുടുംബത്തെയും പുറത്താക്കിയതായി പ്രഖ്യാപിച്ചിട്ടും പാർട്ടിയിൽ ലയിക്കാൻ ഒ.പി.എസ് തയാറാകുന്നില്ലെന്നും അധികാരവും മുഖ്യമന്ത്രി പദവിയുമാണ് ഒ.പി.എസ് ആഗ്രഹിക്കുന്നതെന്നും അവർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയുടെയും ഡി.എം.കെയുടെയും ചട്ടുകമായി ഒ.പി.എസിനെ ചിത്രീകരിക്കുന്നതിൽ ഒരുപരിധിവരെ ഒൗദ്യോഗികവിഭാഗം വിജയിച്ചിട്ടുണ്ട്. വിമതരുടെ സംസ്ഥാനതല പര്യടനം തുടങ്ങിയ ദിവസം അവർക്ക് സ്വാധീനമുള്ള തെക്കൻ തമിഴകത്ത് വൻ പൊതുപരിപാടികളാണ് മുഖ്യമന്ത്രി പളനിസാമിയുടെ സാന്നിധ്യത്തിൽ നടന്നത്. ജയലളിതയുടെ ജനപ്രിയ പദ്ധതികളുടെ തുടർച്ചയുമായി ജനങ്ങളിലേക്കിറങ്ങി വിമതരുടെ ആരോപണങ്ങളെ തളർത്താനാണ് പളനിസാമിയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.