ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്ന് സമ്മതിച്ച് കോൺഗ്രസ്. ആർ.ജെ.ഡി, ഇടതു സംഘടനകൾ എന്നിവരപ്പോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മഹാസഖ്യത്തിലെ മറ്റുള്ളവർ കോൺഗ്രസിനേക്കാൾ നന്നായി മുന്നേറിയതായും കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവരെപ്പോലെ കോൺഗ്രസിന് മുന്നേറാൻ കഴിഞ്ഞിരുന്നെങ്കിൽ ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾക്കും മഹാസഖ്യം അധികാരത്തിലെത്തണമെന്നായിരുന്നു ആഗ്രഹം. ഭരണമാറ്റം അവരും ആഗ്രഹിച്ചു. ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും സ്ഥാനാർഥികളുമായും ജില്ല കോൺഗ്രസ് കമ്മിറ്റികളുമായും ചർച്ച നടത്തി നിഗമനത്തിലെത്തുകയും ചെയ്തിരുന്നു. ഹൈക്കമാൻഡിനെയും ബിഹാറിലെ വിവരങ്ങൾ ധരിപ്പിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.ജെ.ഡി, ഇടതുപാർട്ടികൾ ചേർന്നുള്ള മഹാസഖ്യത്തെ തോൽവിലേക്ക് കൊണ്ടെത്തിച്ചത് കോൺഗ്രസിെൻറ നിരാശജനകമായ പ്രകടനമാണെന്ന് വിമത ശബ്ദമുയർത്തിയ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 144 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി 75 സീറ്റിലും സി.പി.ഐ (എം.എൽ) 19 സീറ്റിൽ മത്സരിച്ചതിൽ 12ലും ജയിച്ചിരുന്നു. സഖ്യത്തിൽ ഏറ്റവും താഴ്ന്ന വിജയനിരക്കാണ് കോൺഗ്രസിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.