ഹൈദരാബാദ്: തെലങ്കാന നിയമസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 119 അംഗങ്ങളിൽ 82 പേരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ട്. 2018ലെ തെരഞ്ഞെടുപ്പിൽ 119 അംഗ സഭയിൽ 73 ശതമാനം പേർക്കെതിരെയായിരുന്നു ക്രിമിനൽ കേസുകളുണ്ടായിരുന്നത്. നിലവിലെ നിയമസഭയിൽ അത് 69 ശതമാനമാണ്. ഏഴ് പേർ വധശ്രമത്തിനും ഒരാൾ കൊലപാതകത്തിനും മറ്റൊരാൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിനും പ്രതിയായവരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും ബുധനാഴ്ച പുറത്തുവിട്ട തെലങ്കാന ഇലക്ഷൻ വാച്ച് റിപ്പോർട്ടും വ്യക്തമാക്കുന്നു.
കോൺഗ്രസിൽ നിന്ന് വിജയിച്ച 64ൽ 51 പേരും ക്രിമിനൽ കേസിൽ പ്രതികളാണ്. ബി.ആർ.എസിലെ 39ൽ എട്ടും, ബി.ജെ.പിയുടെ എട്ടിൽ ഒരാളും സി.പി.ഐയിൽനിന്ന് വിജയിച്ച സ്ഥാനാർഥിയും എ.ഐ.എം.ഐ.എമ്മിലെ ഏഴിൽ നാല് പേരും ക്രിമിനൽ കേസിൽ പ്രതികളാണെന്ന് റിപ്പോട്ട് വ്യക്തമാക്കുന്നു.
119ൽ 114 പേരും, അതായത് നിയമസഭയിലെ 96 ശതമാനം പേരും കോടീശ്വരന്മാരാണെന്നും റിപ്പോട്ടിൽ പറയുന്നു. 2018ൽ ഇത് 89 ശതമാനമായിരുന്നു. കോൺഗ്രസിന്‍റെ 64ൽ 60 പേരും ബി.ആർ.എസിൽ നിന്നുള്ള 39ൽ 38 പേരും ബി.ജെ.പിയുടെയും എ.ഐ.എം.ഐ.എമ്മിന്‍റെയും മുഴുവൻ എം.എൽ.എമാരും സി.പി.ഐയുടെ എം.എൽഎയും കോടീശ്വരരാണ്.
കോൺഗ്രസ് എം.എൽ.എമാരുടെ ശരാശരി സമ്പാദ്യം 48.20 കോടിയാണ്. ബി.ആർ.എസിന്റേത് 32.62 കോടിയും ബി.ജെ.പി എം.എൽ.എമാരുടെത് 21.83 കോടിയും എ.ഐ.എം.ഐ.എമ്മിന്റേത് 13.19 കോടിയുമാണ്. സി.പി.ഐ സ്ഥാനാർഥിയുടെ ശരാശരി സമ്പാദ്യം 2.33 കോടി രൂപയാണ്. ചെന്നൂർ നിയമസഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയായ ഗദ്ദാം വിവേകാനന്ദനാണ് ഏറ്റവും ഉയർന്ന ആസ്തിയുള്ളത്-606 കോടി രൂപ. പാലാറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എക്ക് 433 കോടിയും, ഖൈറതാബാദിലെ ബി.ആർ.എസ് എം.എൽ.എക്ക് 68 കോടിയുമാണ് ആസ്തി.
വിജയിച്ച എം.എൽ.എമാരിൽ 40 പേരുടെ (36 ശതമാനം) വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 72 പേരുടെ (61 ശതമാനം) യോഗ്യത ബിരുദമോ അതിന് മുകളിലോ ആണ്. വിജയിച്ച 96 പേരുടെയും (81 ശതമാനം) പ്രായം 51നും 80നും ഇടയിലാണ്. 119 പുതിയ എം.എൽ.എമാരിൽ 10 പേർ മാത്രമാണ് വനിതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.