ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്ത് 270 പേർ കസ്റ്റഡിയിൽ ബലാത്സംഗത്തിനിരയായതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, സായുധസേനാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, റിമാൻഡ് ഹോമുകളിലെയും കസ്റ്റഡി സ്ഥലങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർ എന്നിവരാണ് ഈ കേസുകളിൽ കുറ്റവാളികളെന്നും 2017 മുതൽ 2022 വരെയുള്ള രേഖകൾ പരിശോധിച്ച് നടത്തിയ പഠനം പറയുന്നു. എങ്കിലും ഇത്തരം കേസുകളിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്.
2017ൽ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018ൽ 60, 2019ൽ 47, 2020ൽ 29, 2021ൽ 26, 2022ൽ 24 കേസുകൾ എന്നിങ്ങനെയായി കുറഞ്ഞു. ഏറ്റവും കൂടുതൽ കേസുകൾ ഉത്തർപ്രദേശിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് -92. മധ്യപ്രദേശിൽ 43 കേസുകൾ രജിസ്റ്റർ ചെയ്തു.
കസ്റ്റഡിയിൽ ബലാത്സംഗത്തിനിരയാകുന്ന കേസുകളിൽ ഐ.പി.സി 376 (2) വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ, ജയിലർ അല്ലെങ്കിൽ സ്ത്രീയെ നിയമാനുസൃത കസ്റ്റഡിയിൽ വെക്കുന്ന മറ്റേതെങ്കിലും വ്യക്തി നടത്തുന്ന ബലാത്സംഗക്കുറ്റവുമായി ബന്ധപ്പെട്ട വകുപ്പാണിത്.
ദുരുപയോഗത്തിന് അവസരങ്ങൾ നൽകുന്ന കസ്റ്റഡി ക്രമീകരണങ്ങളാണ് രാജ്യത്തുള്ളതെന്നും ഉദ്യോഗസ്ഥർ അധികാരം ഉപയോഗിച്ച് ലൈംഗികവേഴ്ചക്ക് നിർബന്ധിക്കുകയാണെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ പൂനം മുത്രേജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.