ന്യൂഡൽഹി: കുട്ടികളുടെ ഇഷ്ട മിഠായികളിലൊന്നായ ലോലിപോപ് നിർമാണം അത്യന്തം അപകടകരമായ സാഹചര്യത്തിൽ. മധ്യപ്രദേശിലെ ഇന്ദോറിലാണ് കുഞ്ഞുങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന വൻ കൃത്രിമം കണ്ടെത്തിയത്. ഇന്ദോറിലെ പാൽഡയിലുള്ള കെ.എസ് ഇൻഡസ്ട്രീസ് എന്ന മിഠായി നിർമാണശാലയിൽ ഭക്ഷ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
4.2 കിലോ ലോലിപോപ്പും 5.6 കിലോ മറ്റു മിഠായികളും അധികൃതർ പിടിച്ചെടുത്തു.തീർത്തും അപകടകരമായ സാഹചര്യത്തിലാണ് മിഠായി നിർമാണമെന്നും വ്യാപകമായി കൃത്രിമം ചേർക്കുന്നതായും കണ്ടെത്തി.
ചാക്ക് നിറയെ പൊടിപോലുള്ള വസ്തു കണ്ട് നടത്തിയ പരിശോധനയിലാണ് ശരീരത്തിലിടുന്ന ടാൽകം പൗഡറാണെന്ന് തിരിച്ചറിഞ്ഞത്. ലോലിപോപിൽ മാത്രമല്ല, മറ്റു മിഠായികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായും ജോലിക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടമ കൃഷ്ണപതി അഗർവാൾ, സിമ്രാൻപതി വിജയ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിൽ മാത്രമല്ല, മറ്റിടങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയിൽ കുഞ്ഞുങ്ങളുടെ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാതെ നടത്തുന്ന മായം ചേർക്കൽ അന്വേഷണ ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചു. ബഹുരാഷ്ട്ര ഭീമൻമാരുടെ ഉൽപന്നങ്ങളിൽ വരെ നേരത്തെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ചേർക്കുന്നതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.