കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പരാജയകാരണം വെളിപ്പെടുത്തി ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. തെരഞ്ഞെടുപ്പിൽ 170 സീറ്റുകളിൽ വരെ അനായേസേന ജയിക്കുമെന്ന ചില നേതാക്കളുടെ ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദിപുരിൽ നടന്ന പാർട്ടി യോഗത്തിനിടെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ടു ഘട്ടം കഴിഞ്ഞതോടെ പല നേതാക്കളിലും ആത്മവിശ്വാസം വർധിച്ചു. ബി.െജ.പി 170 മുതൽ 180 സീറ്റുകൾ വരെ തെരഞ്ഞെടുപ്പിൽ നേടുമെന്ന് അവർ വിശ്വസിച്ചു. അതിനാൽ അവർ താഴേതട്ടിൽ പ്രവർത്തിച്ചിച്ചില്ല. അതിന് വലിയ വില കൊടുക്കേണ്ടിവന്നു' -സുവേന്ദു പറഞ്ഞു.
ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് താഴേതട്ടിലുള്ള പ്രവർത്തനങ്ങളും. അതിന് കഠിനാധ്വാനം ആവശ്യമായി വരും -സുവേന്ദു കൂട്ടിച്ചേർത്തു.
അതേസമയം സുവേന്ദുവിന്‍റെ പ്രസ്താവനക്ക് പ്രതികരണമായി തൃണമൂൽ കോൺഗ്രസ് വക്താണ് കുനാൽ ഘോഷ് രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും മറന്നതിനാലാണ് സുവേന്ദു ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നായിരുന്നു കുനാലിന്‍റെ പ്രതികരണം.
ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം ബംഗാൾ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയിട്ടും തൃണമൂലിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാംതവണയും മമത ബാനർജി മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയിലെത്തിയ നിരവധി തൃണമൂൽ നേതാക്കൾ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.