രേവന്ത് റെഡ്ഢി പ്രീണന രാഷ്ട്രീയം കളിക്കുകയാണ്; ബി.ജെ.പിയും കോൺ​ഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: തെലങ്കാന കോൺ​ഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. രേവന്ത് റെഡ്ഢി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും രാഷ്ട്രീയപരമായി വിമർശിക്കാൻ കാരണമില്ലാത്തതിനാൽ അദ്ദേഹം വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ഉവൈസി പറഞ്ഞു. തെലങ്കാനയിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

"രേവന്ത് റെഡ്ഡിക്ക് ഞങ്ങളെ വിമർശിക്കാൻ മറ്റ് കാരണങ്ങൾ ഒന്നുമില്ല. നിങ്ങൾ ഞങ്ങളുടെ താടിയേയും വസ്ത്രത്തെയും കുറിച്ച് പറഞ്ഞ് ഞങ്ങളെ ആക്രമിക്കുകയാണ്. നിങ്ങൾ ആർ.എസ്.എസിന്റെ കളിപ്പാവയാണ്. ബി.ജെ.പിയും കോൺ​ഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ല" ഉവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉവൈസി ഷെർവാണിക്ക് താഴെ കാക്കി നിക്കർ ധരിക്കുകയാണെന്ന പരാമർശവുമായി കോൺ​ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി രം​ഗത്തെത്തിയിരുന്നു. ഷർവാണിക്കടിയിൽ ‘കാക്കി നിക്കർ’ ധരിക്കുന്ന ഉവൈസി, ​നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഹൈദരാബാദിലെ മുസ്‍ലിംകളോട് ഉവൈസി എല്ലായ്പോഴും നുണ പറയുകയാണ്. വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എൽ.എ രാജാ സിങ് തന്നെ നിരന്തരം വെല്ലുവിളിച്ചിട്ടും ഉവൈസി അത് അവഗണിക്കുന്നു. അദ്ദേഹത്തിന്റെ ഷർവാണിക്കടിയിലെ പൈജാമ കാക്കി നിക്കറായി മാറിയെന്നാണ് ഞാൻ കരുതുന്നത്’ -രേവന്ത് റെഡ്ഡി പറഞ്ഞു.

Tags:    
News Summary - Owaisi counters Telangana PCC chief's ‘khaki knicker’ jibe with ‘RSS puppet’ remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.