മുംബൈ: ബി.ജെ.പിയുടെ ജൈത്രയാത്രക്കു പിന്നിലെ രഹസ്യം ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയാണെന്ന് വിമർശിച്ച് ശിവസേന മുഖപത്രം 'സാമ്ന'. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മത, ജാതി, വർഗ വികാരം കത്തിയാളിച്ചും അണികളെകൊണ്ട് പാകിസ്താൻ സിന്ദാബാദ് വിളിപ്പിച്ചും ഉവൈസി ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന ഉത്തർപ്രദേശിലും ഇത് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലഖ്നോവിലേക്കുള്ള ഉവൈസിയുടെ റാലിക്കിടെ പാകിസ്താന് സിന്ദാബാദ് വിളികളുണ്ടായി. പാകിസ്താനെ ഉപയോഗിക്കാതെ ബി.ജെ.പിക്ക് വളരാനാകില്ലെ? പശ്ചിമ ബംഗാളിലും ബിഹാറിലും ഉവൈസി ബി.ജെ.പിക്ക് വേണ്ടി കളിച്ചു. മമതയോട് അതേറ്റില്ല. മത, ജാതി, വർഗ ഭിന്നത ഉണ്ടാക്കുന്നതിൽ ഉവൈസി ജയിച്ചത് കൊണ്ടാണ് ബിഹാറിൽ തേജസ്വി യാദവ് തോറ്റത്-'സാമ്ന' എഴുതി.
മുസ്ലിംകൾ രാജ്യത്തെ പൗരന്മാരാണെന്നും ഭരണഘടനയെ പിന്തുടരണമെന്നും പറയാൻ ഉവൈസി ചങ്കൂറ്റം കാട്ടുന്ന നിമിഷം ദേശീയ നേതാവായി വാഴ്ത്തപ്പെടുമെന്നും ഇല്ലെങ്കിൽ ബി.ജെ.പിയെ പോലുള്ള ദേശീയ പാർട്ടികളുടെ 'അടിവസ്ത്ര'മായി തുടരേണ്ടിവരുമെന്നും 'സാമ്ന' കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.