ഹൈദരാബാദ്: തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ കോൺഗ്രസും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും തമ്മിലുള്ള പോര് കനക്കുന്നു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയാണ് ഉവൈസിക്കെതിരെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളുമായി ഏറ്റവുമൊടുവിൽ രംഗത്തെത്തിയത്. ഷർവാണിക്കടിയിൽ ‘കാക്കി നിക്കർ’ ധരിക്കുന്ന ഉവൈസി, നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കുകയാണെന്ന് രേവന്ത് ആരോപിച്ചു.
ഞായറാഴ്ച വൈകീട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ്, ഉവൈസിയെ രേവന്ത് കടന്നാക്രമിച്ചത്. ‘ഹൈദരാബാദിലെ മുസ്‍ലിംകളോട് ഉവൈസി എല്ലായ്പോഴും നുണ പറയുകയാണ്. വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എൽ.എ രാജാ സിങ് തന്നെ നിരന്തരം വെല്ലുവിളിച്ചിട്ടും ഉവൈസി അത് അവഗണിക്കുന്നു. അദ്ദേഹത്തിന്റെ ഷർവാണിക്കടിയിലെ പൈജാമ കാക്കി നിക്കറായി മാറിയെന്നാണ് ഞാൻ കരുതുന്നത്’ -രേവന്ത് റെഡ്ഡി പറഞ്ഞു.
‘ഉവൈസിയുടെ പിതാവ് സലാഹുദ്ദീൻ മകനെ ലണ്ടനിലയച്ച് അഭിഭാഷകനാക്കാൻ ആഗ്രഹിച്ചത് മുസ്‍ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ്. സെഷൻസ് കോടതി മുതൽ സുപ്രീം കോടതി വരെ അവരുടെ ശബ്ദമുയർത്താനാണ്. എന്നാൽ, മുസ്‍ലിംകളെ ബുദ്ധിമുട്ടിക്കുന്ന ബി.ജെ.പിയുടെ പിന്തുണക്കുന്നയാളായി മാറിയിരിക്കുകയാണിപ്പോൾ അദ്ദേഹം.
ഉവൈസി എന്നെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, നിങ്ങളോട് ഞാൻ നേർക്കുനേർ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പാർട്ടി എന്തുകൊണ്ടാണ് രാജാ സിങ്ങിനെതിരെ മത്സരിക്കാത്തത്? യോഗി ആദിത്യനാഥിന്റെ അടുത്തയാളായ രാജാ സിങ്ങിനെതിരെ ഗോഷമഹൽ മണ്ഡലത്തിൽ മത്സരിക്കാൻ തയാറല്ലാത്തത് എന്തുകൊണ്ടാണ്? കെ.സി.ആറിനെയും മോദിയെയും പോലുള്ള കള്ളന്മാരെ സംരക്ഷിക്കാൻ നിങ്ങൾ നുണപറഞ്ഞുകൊണ്ടിരിക്കുകയാണ്. അസദുദ്ദീൻ ഉവൈസിയുടെ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകൻ ബി.ജെ.പി എം.എൽ.എ രഘുനന്ദൻ റാവുവാണെന്നും രേവന്ത് ചൂണ്ടിക്കാട്ടി.
കർണാടക ഇലക്ഷൻ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉവൈസിയുടെ ഏറ്റവുമടുത്ത ഒരു ചങ്ങാതിക്കുവേണ്ടി പാർട്ടി നടത്തിയെന്നും പി.സി.സി അധ്യക്ഷൻ ആരോപിച്ചു. ‘അങ്ങനെ നടന്നിട്ടില്ലെന്ന് സത്യം ചെയ്യാൻ ഉവൈസി തയാറുണ്ടോ? ഞാൻ ഹിന്ദുവാണ്. ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പോയി ഇതുസബന്ധിച്ച് സത്യം ചെയ്യാൻ ഞാൻ ഒരുക്കമാണ്. ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് മക്കാമസ്ജിദിലെത്തി ഖുർആൻ പിടിച്ച് സത്യം ചെയ്യാൻ ഉവൈസി റെഡിയാണോ?’- രേവന്ത് വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.