ന്യൂഡൽഹി: ഭഗവാൻ രാമന് താൻ ഉയർന്ന ബഹുമാനമാണ് എപ്പോഴും നൽകുന്നതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദീൻ ഉവൈസി. എന്നാൽ, ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ താൻ ശക്തമായി വെറുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ ഭഗവാൻ രാമന് വലിയ ബഹുമാനം നൽകുന്നുണ്ട്. എന്നാൽ, ഗോഡ്സെയെ വെറുക്കുകയും ചെയ്യും. ഗോഡ്സെ കൊലപ്പെടുത്തിയ ഗാന്ധി അവസാനമായി പറഞ്ഞത് ഹേ റാം എന്ന വാക്കുകളായിരുന്നുവെന്നും ഉവൈസി പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ 17 കോടി മുസ്‍ലിംകൾക്ക് അവർ അന്യവൽക്കരിക്കപ്പെട്ടതായി തോന്നുന്നു. രാജ്യത്തിന് മോദിയുടെ ആവശ്യമില്ല. രാജ്യത്തെ മൊത്തമായും ഈ സർക്കാർ പ്രതിനിധീകരിക്കുന്നുണ്ടോ അതോ പ്രത്യേക സമുദായത്തെ മാത്രമാണോ പ്രതിനിധീകരിക്കുന്നതെന്നും ഉവൈസി ചോദിച്ചു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചക്കിടെയായിരുന്നു ഉവൈസിയുടെ പരാമർശം. അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം പാർലമെന്റ് പാസാക്കിയിരുന്നു. രാമക്ഷേത്ര നിർമാണം, പ്രാണപ്രതിഷ്ഠ എന്നിവ മുൻനിർത്തി നടത്തിയ പ്രത്യേക ചർച്ചക്കൊടുവിലായിരുന്നു പ്രമേയം. അതേസമയം, നാലു മണിക്കൂർ നീണ്ട ചർച്ച പ്രതിപക്ഷ പാർട്ടികൾ ഭാഗികമായി ബഹിഷ്കരിച്ചു. കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ കക്ഷികൾ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ്, സി.പി.എം, മുസ്ലിംലീഗ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളാണ് ചർച്ചയിൽ നിന്നും വിട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.