ന്യൂഡൽഹി: ‘‘പലകപ്പുറത്ത് തലയണപോലുമില്ലാതെ 105 ദിവസം കിടന്നതുകൊണ്ട് നട്ടെല്ലിനും കഴുത്തിനും തലക്കും കൂടുതൽ കരുത്ത്’’ -തിഹാർ ജയിൽ വാസത്തെക്കുറിച്ച ചോദ്യങ്ങളോട് പി. ചിദംബരത്തിേൻറതാണ് ഈ പ്രതികരണം. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് തിഹാറിൽനിന്ന് ഇറങ്ങിയതിനുപിന്നാലെ വ്യാഴാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികൾ അടിച്ചേൽപിച്ച ജയിൽവാസം തെൻറ മനസ്സിനും ശരീരത്തിനും ശക്തിനൽകിയെന്നു പറഞ്ഞുവെച്ച ചിദംബരം, പ്രതികാരരാഷ്ട്രീയത്തോട് അതേ നാണയത്തിൽ തിരിച്ചടിക്കുന്നത് തെൻറ രീതിയല്ലെന്നും കൂട്ടിച്ചേർത്തു.
ജയിലിൽനിന്ന് ഇറങ്ങിയ താൻ മാനസികമായി കരുത്തുള്ളവനാണ്. കാരണം, മന്ത്രിയായിരുന്നപ്പോൾ ഉത്തമ ബോധ്യത്തോടെയാണ് താൻ പ്രവർത്തിച്ചത്. താനും കുടുംബവും ദൈവത്തിൽ വിശ്വസിക്കുന്നു എന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമതായി, കോടതി നീതി തരുമെന്ന ഉറച്ച വിശ്വാസമുണ്ട്.
105 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ തെൻറ ചിന്തയും പ്രാർഥനയും കശ്മീർ താഴ്വരയിലെ 75 ലക്ഷം ജനങ്ങളെക്കുറിച്ചാണെന്ന് പറഞ്ഞുകൊണ്ടാണ് ചിദംബരം തുടങ്ങിയത്. ജമ്മു-കശ്മീർ വിഭജിക്കുന്ന തീരുമാനം കേന്ദ്രം പ്രഖ്യാപിച്ച ആഗസ്റ്റ് നാലു മുതൽ താഴ്വരയിൽ അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ഒരു കുറ്റവും ഇല്ലാതെ രാഷ്ട്രീയ നേതാക്കളെ തടങ്കലിൽ വെച്ചിരിക്കുന്നു. സ്വാതന്ത്ര്യം എന്നത് വിഭജിക്കാനാവില്ല. ‘നമ്മുടെ’ സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കിൽ ‘അവരുടെ’ സ്വാതന്ത്ര്യത്തിനുവേണ്ടി നാം പോരാടണം. സർക്കാർ അനുവദിച്ചാൽ ജമ്മു-കശ്മീർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായും ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.