ചെന്നൈ: ദലിത് നേതാവ് കെ.ആംസ്ട്രോങ്ങിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി പ്രസിദ്ധ തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. എക്സിലാണ് ഡി.എം.കെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറിനെതിരെ ആഞ്ഞടിച്ച് പാ രഞ്ജിത്ത് കുറിപ്പിട്ടത്. ഡി.എം.കെയെ അധികാരത്തിലെത്താൻ സഹായിച്ചത് ദലിത് വോട്ടർമാരിൽ നിന്ന് ലഭിച്ച ഗണ്യമായ പിന്തുണയാണ്.
ദലിതർ സർക്കാരിന് നൽകിയ പിന്തുണയെക്കുറിച്ച് നിങ്ങൾക്കറിയില്ലേ? അതോ ഇതറിഞ്ഞിട്ടും നിങ്ങൾ നിസ്സംഗരാണോ? പാ രഞ്ജിത്ത് ചോദിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ചെന്നൈയിൽ ആംസ്ട്രോങ്ങിനെ അക്രമികൾ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. മൃതദേഹം സൂക്ഷിച്ചിരുന്ന ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഓടിയെത്തിയ പാ രഞ്ജിത്ത് പൊട്ടിക്കരയുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായി.
പാർട്ടി ഓഫീസിൽ മൃതദേഹം സംസ്‌കരിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിന് ശേഷം തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിൽ ആംസ്ട്രോങ്ങിന്റെ സംസ്‌കാരം നടന്നു. സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിൽ പാ രഞ്ജിത്ത് തന്റെ ദുഃഖം അറിയിക്കുകയും തമിഴ്‌നാട്ടിലെ ദലിത് സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തു.
ആംസ്ട്രോങ് നിലകൊണ്ട ഡോ. ബാബാസാഹെബ് അംബേദ്കറുടെ നയങ്ങൾ ഉയർത്തിപ്പിടിക്കാനും പിന്തുടരാനുമുള്ള ദൃഢനിശ്ചയം അദ്ദേഹം പ്രകടിപ്പിച്ചു. ഇത് അദ്ദേഹത്തിനുള്ള അവരുടെ ആദരവും നന്ദിയും ആയിരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ജയ് ഭീം മുദ്രാവാക്യം വിളിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.