ഇസ്ലാമാബാദ്: സംഭവബഹുലമായ ജീവിതമായിരുന്നു അന്തരിച്ച മുൻ പാക് ഭരണാധികാരി പർവേസ് മുശർറഫിന്റേത്. ഇന്ത്യയിൽ ജനിച്ച് പാകിസ്താനിലേക്ക് കുടിയേറി അവിടെ രാഷ്ട്രത്തലവൻ വരെയായി ചരിത്രത്തിന്റെ മായ്ക്കാൻ കഴിയാത്ത ഏടായി മാറി അദ്ദേഹം. ഒരിക്കൽ സ്വന്തം കാൽക്കീഴിലായിരുന്ന രാജ്യം മുശർറഫിനെ രാജ്യദ്രോഹിയായി വധശിക്ഷക്ക് വിധിച്ചു. വിധികൾ മാറിമറിഞ്ഞ ജീവിതത്തിനിടെ പലവട്ടം അദ്ദേഹം മരിച്ചെന്ന വാർത്ത പ്രചരിച്ചു. ദീർഘനാളത്തെ രോഗാവസ്ഥക്കൊടുവിൽ ദുബൈയിൽ ഞായറാഴ്ച അന്ത്യം. 1943ൽ ഡൽഹിയിലായിരുന്നു മുശർറഫിന്റെ ജനനം. വിഭജനാനന്തരം കുടുംബം പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. സൈനിക കോളജിൽ തന്നെ പഠിച്ച് ബുരുദം നേടി. തുടർ പഠനം ലണ്ടനിലെ റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസിലാണ് പൂർത്തിയാക്കിയത്.
1964ലാണ് പാക് പട്ടാളത്തിൽ ചേരുന്നത്. ‘ഓഫിസർ കോർപ്സി’ൽ ചേർന്ന മുശർറഫ് 1965ലെയും 1971ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്തു. 1998ലാണ് അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് മുശർറഫിനെ സൈനിക മേധാവിയായി നിയമിക്കുന്നത്. എന്നാൽ, കാർഗിൽ യുദ്ധാനന്തരം ഇരുവരും തമ്മിൽ തെറ്റി. ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ വരാനൊരുങ്ങവെ അദ്ദേഹം കേൾക്കുന്നത് തന്നെ പിരിച്ചുവിട്ട തീരുമാനമാണ്. കീഴൊതുങ്ങാൻ ഒരുക്കമല്ലായിരുന്ന അദ്ദേഹം പാക് മണ്ണിൽ വിമാനമിറങ്ങിയ ഉടൻ പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 2001ൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് രാഷ്ട്രനേതാവായി സ്വയം അവരോധിച്ചു.
ഇംപീച്ച്മെന്റ് നടപടികൾക്കുള്ള നീക്കം മനസ്സിലാക്കി 2008ൽ സ്ഥാനമൊഴിഞ്ഞ് വിദേശത്തേക്ക് കടന്നു. . 2013ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാകിസ്താനിൽ തിരിച്ചെത്തിയെങ്കിലും പത്രികകളെല്ലാം തള്ളി തെരഞ്ഞെടുപ്പ് കമീഷനും ഭരണകൂടവും മുശർറഫിന്റെ വഴിയടച്ചു. തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലുമാക്കി. ഭരണഘടന അട്ടിമറിച്ച് 2007ല് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില് അദ്ദേഹത്തിനെതിരെ 2013ൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.
2019ൽ പെഷാവറിലെ പ്രത്യേക കോടതി മുശർറഫിനെ വധശിക്ഷക്ക് വിധിച്ചു. ലാഹോർ ഹൈകോടതി ഈ വധശിക്ഷ പിന്നീട് റദ്ദാക്കി. കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോയത് തിരിച്ചറിഞ്ഞ മുശർറഫ് 2016ൽ രാജ്യംവിട്ടു. പിന്നീട് ദുബൈയിലായിരുന്നു താമസം. താൻ തിരിച്ചെത്തുമെന്ന് പലപ്പോഴും അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. 2017ൽ ബേനസീർ ഭുട്ടോ വധക്കേസിൽ പാക് ഭീകരവിരുദ്ധ കോടതി മുശർറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും സർക്കാർ സസ്പെൻഡ് ചെയ്തു. ദുബൈയിൽ ചികിത്സക്കായി അഭയം തേടിയ മുശർറഫിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായില്ല.
ന്യൂഡൽഹി: കാർഗിലിൽ 1999ൽ ഇന്ത്യയുമായി യുദ്ധം നടത്തിയതിൽ മുഖ്യ ആസൂത്രകനായിരുന്ന ജനറൽ പർവേസ് മുശർറഫ്, അധികാരത്തിൽ വന്നപ്പോൾ സമാധാനവും ആഗ്രഹിച്ച നേതാവായിരുന്നു. കാർഗിൽ യുദ്ധം പരസ്പര ബന്ധം വഷളാക്കുമെന്നതല്ലാതെ മറ്റൊന്നും സമ്മാനിക്കില്ലെന്ന് പിന്നീട് മുശർറഫിന് ബോധ്യമായിരുന്നതായി പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈകമീഷണർമാരായിരുന്ന ജി. പാർഥസാരഥിയും ടി.സി.എ രാഘവനും പറഞ്ഞു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായ സമയം മുതൽ മുശർറഫ് ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ചു. 2008ലെ മുംബൈ ഭീകരാക്രമണം വരെ ആ ബന്ധം തുടർന്നതായി ടി.സി.എ. രാഘവൻ പറഞ്ഞു. വാജ്പേയിയും മുശർറഫും തമ്മിലുള്ള ആഗ്ര ഉച്ചകോടിയോടെ കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നും പാക് പ്രസിഡന്റ് ആഗ്രഹിച്ചിരുന്നതയി രാഘവൻ പറഞ്ഞു.
ഒരുതരത്തിൽ ദ്വന്ദ്വരീതികളായിരുന്നു അദ്ദേഹത്തിന്.കാർഗിൽ യുദ്ധത്തിന്റെ ശിൽപിയായിരുന്ന മുശർറഫ്, കാർഗിലിലെ പർവത പ്രദേശങ്ങൾ അധീനതയിലാക്കാമെന്ന് വിശ്വസിച്ചതായി പാർഥസാരി പറഞ്ഞു. എന്നാൽ, ഇന്ത്യൻ സൈന്യം അതിശക്തമായി ആക്രമിച്ചത് മുശർറഫിന് കനത്ത തിരിച്ചടിയായി. കാർഗിൽ യുദ്ധത്തിൽ മുശർറഫിന് പാകിസ്താനിൽനിന്നുതന്നെ എതിർപ്പുയർന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് പലനീക്കങ്ങളും അറിഞ്ഞിരുന്നോ എന്നതും സംശയകരമാണെന്ന് മുൻ ഹൈകമീഷണർ പാർഥസാരഥി ഓർക്കുന്നു. ഇന്ത്യയുമായുള്ള ശത്രുത വിലപ്പോകില്ലെന്ന് അട്ടിമറിയിലൂടെ ഭരണം നേടിയ ശേഷമാണ് മുശർറഫിന് മനസ്സിലായത്. കശ്മീർ വിഷയത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും മുശർറഫും തമ്മിൽ പിന്നാമ്പുറ ചർച്ചകൾ നടന്നിരുന്നതായും പാർഥസാരഥി പറഞ്ഞു. 1999 ഫെബ്രുവരിയിൽ വാജ്പേയിയും നവാസ് ശരീഫും തമ്മിലുള്ള ലാഹോർ പ്രഖ്യാപനത്തെ കാർഗിൽ യുദ്ധത്തിലുടെയും പിന്നീട് പാർലമെന്റ് ആക്രമണത്തില ൂടെയും മുശർറഫ് അട്ടിമറിച്ചെന്ന് മുൻ കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ സുബ്രത സാഹ പറഞ്ഞു.
ന്യൂഡൽഹി: പാകിസ്താൻ മുൻ പ്രസിഡന്റും പട്ടാള ഭരണാധികാരിയുമായ അന്തരിച്ച ജനറൽ പർവേസ് മുശർറഫ് ജനനം കൊണ്ട് ഇന്ത്യക്കാരൻ. ആറ് പതിറ്റാണ്ടിനു ശേഷം പാക് പ്രസിഡന്റായിരിക്കെ 2005ലെ ഇന്ത്യാ സന്ദർശനത്തിനിടെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് മുശർറഫിന് ജനന സർട്ടിഫിക്കറ്റ് സമ്മാനിച്ചത്.
1943 ആഗസ്റ്റ് 11ന് ഓൾഡ് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു ജനനം. 1947 ലെ വിഭജനത്തിനുശേഷമാണ് മുശർറഫിന്റെ കുടുംബം പാകിസ്താനിലേക്ക് കുടിയേറിയത്. ചാന്ദ്നിചൗക്കിലെ ഹർവാലി ഹവേലിയിലായിരുന്നു അന്ന് മുശർറഫിന്റെ കുടുംബം താമസിച്ചിരുന്നതെന്നാണ് വിവരം. തന്റെ ബാല്യകാല സ്മരണകൾ ഉറങ്ങുന്ന ഹർവാലി ഹവേലിയുടെ വലിയ ചിത്രവും മൻമോഹൻ സിങ്, മുശർറഫിന് സമ്മാനിച്ചിരുന്നു. 2005 ഏപ്രിൽ 17 നായിരുന്നു മുശർറഫ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.