ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പാക് സൈനിക പരിശീലനം

ഇസ്ലാമാബാദ്: ശത്രുപക്ഷത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ അര്‍ഹിക്കുന്ന മറുപടി കൊടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പഞ്ചാബ് പ്രവിശ്യയിലെ തന്ത്രപ്രധാന മേഖലയില്‍ പാക് സൈന്യം നടത്തിയ പരിശീലനത്തിന്‍െറ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശസുരക്ഷക്കുണ്ടാകുന്ന എത് ഭീഷണിയും നേരിടാന്‍ സൈന്യം സുസജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ മുന്നൊരുക്കമെന്ന് ശരീഫ് സൈന്യത്തോടായി പറഞ്ഞു. റേഡിയോ പാകിസ്താനാണ് അതിര്‍ത്തിയില്‍നിന്നുള്ള ശരീഫിന്‍െറ പ്രസംഗം പ്രക്ഷേപണം ചെയ്തത്. ഒരു രാജ്യത്തിനും അതിന് നേര്‍ക്കുണ്ടാകുന്ന ഭീഷണികള്‍ക്കെതിരെ കണ്ണടച്ചിരിക്കാനാവില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടേണ്ട എന്നത് പാക് നയമാണ്. അതേ സമീപനമാണ് തിരിച്ചും തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

 ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തിന്‍െറ മൂലകാരണം  ജമ്മു-കശ്മീരാണെന്നും നവാസ് ശരീഫ് പറഞ്ഞു. കശ്മീര്‍ ജനതയുടെ ഹിതം നോക്കിയും ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ പാലിച്ചും സമഗ്രതയോടെയും സത്യസന്ധമായും ഈ പ്രശ്നത്തെ അഭിമുഖീകരിക്കണം. അടുത്തിടെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ ഹീനമാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്തുന്നത് പ്രതികൂല ഫലമുണ്ടാക്കും. ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് അതിര്‍ത്തിയില്‍  സ്ഥിതി വഷളാക്കുന്നത്. നിയന്ത്രണരേഖയിലെ ജനങ്ങളെയും സൈനികരെയും കൊലപ്പെടുത്തുന്നത് മറ്റൊരു കടന്നാക്രമണമാണെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമാണെന്നും ശരീഫ് പറഞ്ഞു.

കരസേന മേധാവി ജനറല്‍ റഹീല്‍ ശരീഫ്, വ്യോമ-നാവികസേന മേധാവികള്‍, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറല്‍ റഷാദ് മഹ്മൂദ് എന്നിവരും സൈനിക പരേഡില്‍ സന്നിഹിതരായിരുന്നു. നിയന്ത്രണരേഖയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട് ഏതാനും ദിവസത്തിനകമാണ് അതിര്‍ത്തിയിലെ ബഹാവല്‍പുരില്‍ പാക് സൈന്യം വിപുലമായ പരിശീലനം സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കെതിരെ ബ്രിട്ടനോട് പാക് പരാതി
ലണ്ടന്‍: ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ ബ്രിട്ടനില്‍. അതിര്‍ത്തിയില്‍ ഇന്ത്യയുടെ പ്രകോപന നിലപാട് ദക്ഷിണേഷ്യയില്‍ സമാധാനഭംഗം സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പാക് വിരുദ്ധ പദ്ധതികളെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളും തങ്ങളുടെ സുഹൃത്തുക്കളും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഖാന്‍ ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയെ ഇന്ത്യയുടെ കാഴ്ചപ്പാടില്‍ കാണുന്നത് അവസാനിപ്പിക്കണം. പാക് സൈനികരെ നിര്‍ലജ്ജം കൊന്നൊടുക്കുന്നതിനുള്ള തിരിച്ചടി തങ്ങള്‍ കരുതിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2017 ആദ്യം തെരേസ മെയ് പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയ നിസാര്‍ അലി ഖാന്‍ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന് ഈ സന്ദര്‍ശനം ആക്കംകൂട്ടുമെന്നും പാക് മാധ്യമങ്ങളോടായി പറഞ്ഞു

Tags:    
News Summary - pakistan to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.